ഗസ: ഗസയില്‍ ഇസ്രഈല്‍ കനത്ത കരയുദ്ധം ആരംഭിച്ചതോടെ കൂട്ടപ്പലായനത്തിന് നിര്‍ബന്ധിതരായി ആയിരക്കണക്കിന് ഫലസ്തീന്‍ ജനത. ഷെല്‍-ഡ്രോണ്‍ ആക്രമണവും ഹെലികോപ്റ്റര്‍ ഗണ്‍ഷിപ്പും പീരങ്കിയാക്രമണവും ഇസ്രഈല്‍ ശക്തമാക്കിയതോടെയാണ് ജനങ്ങള്‍ കൂട്ട കുടിയിറക്കത്തിന് നിര്‍ബന്ധിതരായത്. ഇതുവരെ 68 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹമാസിന്റെ അവസാനത്തെ ശക്തികേന്ദ്രമാണ് ഗസയെന്നും ശക്തമായ ഓപ്പറേഷനാണ് ഇവിടെ ആരംഭിച്ചിരിക്കുന്നതെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
അര്‍ദ്ധരാത്രിയോടെ ആരംഭിച്ച കരയാക്രമണം രൂക്ഷമായി തുടരുകയാണ്. പരിക്കേറ്റ് ചികിത്സതേടിയെത്തുന്ന ഗസയിലെ ജനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസയുടെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളായ അല്‍-ദറാജ്, അല്‍-സയ്തൂണ്‍, അല്‍-സബ്ര എന്നിവിടങ്ങളിലും ഇസ്രഈല്‍ വ്യോമാക്രമണം ശക്തമാക്കി. ഇവിടെ മാത്രം ബോംബ് സ്‌ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
ഗസയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ യുദ്ധവിമാനങ്ങളുപയോഗിച്ചാണ് ഇസ്രഈലിന്റെ വ്യോമാക്രമണം. ഗസയുടെ നാല് അതിരിലും ആക്രമണം ശക്തമായതോടെ എങ്ങോട്ട് പലായനം ചെയ്യുമെന്നുപോലുമറിയാതെ ജനങ്ങള്‍ ആശങ്കയിലാണ്.
ആയിരക്കണക്കിനാളുകള്‍ ഗസ നഗരത്തില്‍ നിന്നും ഗസയുടെ മധ്യഭാഗത്തേക്ക് പലായനം ചെയ്യുകയാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ഗസ മുനമ്പിന്റെ തെക്കന്‍ ഭാഗങ്ങളിലേക്ക് ഒഴിഞ്ഞുപോകാനാണ് ഫലസ്തീന്‍ ജനതയോട് ഇസ്രഈല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഗതാഗത ചെലവുള്‍പ്പടെയുള്ള ഭീമമായ പലായന ചെലവുകള്‍ താങ്ങാനാവാത്തതിനാല്‍ മിക്കവരും മണിക്കൂറുകള്‍ നടന്ന് ഗസയുടെ തന്നെ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.
അല്‍-റാഷിദ് തീരദേശ റോഡ് മാത്രമാണ് ഇസ്രഈല്‍ പലായനം ചെയ്യുന്നവര്‍ക്കായി തുറന്നുകൊടുത്തിട്ടുള്ളത്.
അടുത്തകാലത്ത് ഗസയില്‍ സംഭവിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ കൂട്ടക്കുടിയിറക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇസ്രഈലിന്റെ ആക്രമണത്തെ തടയാന്‍ അടിയന്തിരമായി ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
സാധാരണക്കാരെ കൊന്നൊടുക്കി ഗസയെ ശവപ്പറമ്പാക്കാനുള്ള ഇസ്രഈലിന്റെ ശ്രമമാണ് നടക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രഈലിലെത്തി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗസയില്‍ ഇസ്രഈല്‍ കരയാക്രമണം അതിരൂക്ഷമാക്കിയത്.
Content Highlight: Heavy Israeli ground attack in Gaza; Palestinians flee