| Friday, 17th April 2026, 7:48 am

ചൂട് അതികഠിനം; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

നിഷാന. വി.വി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കഠിനം. ഞായര്‍വരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി വരെയും കൊല്ലത്ത് 39 വരെയും കോട്ടയത്ത് 38 വരെയും ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുനന്തപുരത്ത് 36 ഡിഗ്രിവരെയുമാണ് താപനില പ്രവചിച്ചിരിക്കുന്നത്.

സാധാരണയെക്കാള്‍ മൂന്ന് ഡിഗ്രിവരെ അധികമാണിത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അള്‍ട്രാവയലറ്റ് രശ്മികളുടെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പകല്‍ 10 മണിമുതല്‍ 3 മണിവരെയാണ് അള്‍ട്രാവയലറ്റ് സൂചിക ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്.

ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

ശരീരം മുഴുവന്‍ മറയുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും കരുതുക.

ചര്‍മ്മരോഗമുള്ളവര്‍, കാന്‍സര്‍ രോഗികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ജലാശയങ്ങള്‍ക്കും മണല്‍പ്രദേശങ്ങള്‍ക്കും സമീപം അള്‍ട്രാവയലറ്റ് പ്രതിഫലനം കൂടുതലായിരിക്കുമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Content Highlight: Heat wave: Yellow alert in 12 districts

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more