| Monday, 9th March 2026, 7:34 am

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഉഷ്ണ തരംഗം രൂക്ഷം; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

നിഷാന. വി.വി

ന്യൂദല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്ന കടുത്ത ഉഷ്ണ തരംഗത്തെ തുടര്‍ന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി ).

ജമ്മു കശ്മീര്‍, ഹിമാല്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജാസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടികള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികള്‍ എന്നീ ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് ചൂടേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് യെല്ലോ അലേര്‍ട്ട് സൂചിപ്പിക്കുന്നു.

ഭാരം കുറഞ്ഞതും ഇളം നിറമുളളതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും തലമറയ്ക്കാനും ഐ.എം.ഡി നിര്‍ദേശിച്ചിട്ടുണ്ട്.

വര്‍ധിച്ചുവരുന്ന താപനില കണക്കിലെടുത്ത് ഇന്ത്യന്‍ റെയില്‍വേയും വിവിധ മേഖലകള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും ട്രെയിന്‍ കോച്ചുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും തണലുകള്‍, കൂളിങ് റൂഫുകള്‍ തുടങ്ങിയ തണുപ്പിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കാനും റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 8,9 തീയതികളില്‍ ഉഷ്ണതരംഗം ഉണ്ടാവുമെന്നുമെന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ വടക്കന്‍ റെയില്‍വേ അറിയിച്ചിരുന്നു. മര്‍ച്ച് 8 മുതല്‍ 19 വരെ ഉഷ്ണ തരംഗം പ്രതീക്ഷിക്കുന്നതായി പശ്ചിമ റെയില്‍വേ മേഖല അറിയിച്ചു.

ഹിമാചല്‍ പ്രദേശിലും ജമ്മുകശ്മീരിലും അടുത്ത കുറച്ച് ദിവസങ്ങളില്‍ കടുത്ത ഉഷ്ണ തരംഗമുണ്ടാവുമെന്ന് ഐ.എം.ഡിയുടെ വിശദമായ മുന്നറിയിപ്പില്‍ പറയുന്നു.

ഇവിടങ്ങളില്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ പകല്‍ താപനില സാധാരണയില്‍ നിന്ന് വ്യത്യസ്തമായി
5-8 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ 4-7 ഡിഗ്രിവരെയും വരെയുമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് പറഞ്ഞു.

എന്നാല്‍ ഈ കാലയളവിനുശേഷം ഒരു പുതിയ വെസ്റ്റേണ്‍ ഡിസ്റ്റന്‍സ് കാരണം താപനില 2-3 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു, ഇത് പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ ചിതറിയ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 8 മുതല്‍ 12 വരെ വിദര്‍ഭ, പശ്ചിമ രാജസ്ഥാന്‍, സൗരാഷ്ട്ര, കച്ച്, വടക്കന്‍ ഗുജറാത്ത് മേഖല, മറാത്ത്വാഡ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഉഷ്ണതരംഗത്തിന് സമാനമായ അവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്ന് ഐ.എം.ഡി അറിയിച്ചു.

മാര്‍ച്ച് 8 മുതല്‍ 11 വരെ കൊങ്കണ്‍ തീരത്തും ഗുജറാത്തിന്റെ തീരപ്രദേശങ്ങളിലും സൗരാഷ്ട്ര, കച്ച് തീരപ്രദേശങ്ങളിലും ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ പ്രതീക്ഷിക്കാം. തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിലും റായലസീമയുടെയും വടക്കന്‍ തമിഴ്നാടിന്റെയും സമീപ ജില്ലകളിലും മാര്‍ച്ച് 8 ന് ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും ഐ.എം.ഡി അറിയിച്ചു.

Content Highlight: Heat wave intensifies in northwest India; Central Meteorological Department issues yellow alert

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more