യുവേഫ ചാമ്പ്യന്‍സ് ട്രോഫി നോക്ക്ഔട്ട് പ്ലേ ഓഫ് മത്സരത്തിനിടെ വംശീയാധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്സ താരം ഗാവി. വിന്നിക്ക് നേരിടേണ്ടി വന്നത് ഹൃദയഭേദകവും അസ്വീകാര്യവുമായ കാര്യമാണെന്ന് താരം പറഞ്ഞു.
വംശീയാധിക്ഷേപത്തിന് എതിരെ താന്‍ ശക്തമായി നിലകൊള്ളുന്നുവെന്നും വെറുപ്പ് പ്രചരിപ്പിക്കാനുള്ളതല്ല ഫുട്‌ബോളെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം വിന്നിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
‘ഞാന്‍ വംശീതയ്ക്ക് എതിരായ പോരാട്ടത്തില്‍ ശക്തമായി ഉറച്ച് നില്‍ക്കുന്നു. വിനീഷ്യസ് ജൂനിയറിന് നേരിടേണ്ടി വരുന്ന കാര്യങ്ങള്‍ ഹൃദയഭേദകവും ഒരിക്കലും അംഗീകരിക്കാനാവാത്തതുമാണ്.
കളിക്കളത്തിന് പുറത്തും അകത്തും നിറത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ഒരാളെയും അധിക്ഷേപിക്കാന്‍ പാടില്ല. ഫുട്‌ബോള്‍ നമ്മളെ ഒന്നിപ്പിക്കാനാണ്, വെറുപ്പ് പ്രചരിപ്പിക്കാനുള്ളതല്ല. വിനീഷ്യസ് ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്. ഈ അനീതിക്കെതിരെ ഞങ്ങള്‍ നിശബ്ദരായിരിക്കില്ല,’ ഗാവി ഫേസ്ബുക്കില്‍ കുറിച്ചു.
ബെന്‍ഫിക്കയുമായി ഇന്ന് പുലര്‍ച്ചെ നടന്ന ബെന്‍ഫിക്കക്ക് എതിരെയുള്ള മത്സരത്തിലാണ് വിന്നി വംശീയാധിക്ഷേപം നേരിട്ടത്. മത്സരത്തില്‍ താരം ടീമിനായി വിജയഗോള്‍ നേടിയിരുന്നു. ഇതിന്റെ ആഘോഷത്തിനിടെയായിരുന്നു ഈ സംഭവം.
വിനീഷ്യസ് ജൂനിയർ. Photo: 433/x.com
വിന്നിയുടെ ഗോളാഘോഷത്തില്‍ പ്രകോപിതരായ ബെന്‍ഫിക്ക താരങ്ങള്‍ റഫറിയോട് പരാതിപ്പെടുകയും റഫറി റയല്‍ താരത്തിന് മഞ്ഞ കാര്‍ഡ് നല്‍കുകയും ചെയ്തു. ഇതിനിടയില്‍ ബെന്‍ഫിക്കയുടെ അര്‍ജന്റൈന്‍ താരമായ ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിയാണ് വിനീഷ്യസിന് നേരെ അധിക്ഷേപം നടത്തിയത്.
ഉടനെ തന്നെ വിനീഷ്യസ് റഫറിയോട് പരാതിപ്പെടുകയും മത്സരം പത്ത് മിനിട്ടോളം നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ ബെന്‍ഫിക്ക താരത്തിന് എതിരെ റഫറി ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനോട് വിനീഷ്യസ് ശക്തമായ രീതിയിലാണ് മത്സരശേഷം പ്രതികരിച്ചത്.
Content Highlight: Heartbreaking and unacceptable, we will not remain silent against racist abuse; Gavi supports Vinicius Junior
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ