| Sunday, 23rd November 2025, 9:31 pm

ഇസ്രഈലില്‍ 'മാനസികാരോഗ്യ സുനാമി' മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈലിലെ ഇരുപത് ദശലക്ഷം ആളുകളുടെ മാനസികാരോഗ്യം പിന്നിലോട്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍  ഗസയിൽ ആരംഭിച്ച യുദ്ധത്തെ തുടര്‍ന്ന് ഇസ്രഈലില്‍ മാനസിക വിദഗ്ധരുടെ സഹായം തേടിയെത്തുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

2013ല്‍ രേഖപ്പെടുത്തിയ കണക്കുകളെ അപേക്ഷിച്ച് 2024ല്‍ രജിസ്റ്റര്‍ ചെയ്ത വിഷാദരോഗികളുടെയും ഉത്കണ്ഠ അനുഭവിക്കുന്നവരെയും എണ്ണം ഇരട്ടിയാണ്. 2023 ഒക്ടോബര്‍ മുതല്‍ 2024 ഡിസംബര്‍ വരെയുള്ള പി.ടി.എസ്.ഡി രോഗനിര്‍ണയങ്ങള്‍ ഓരോ മാസവും 70 ശതമാനം വര്‍ധിച്ചതാണ് ഇതിന് കാരണം.

23,600 രോഗികളെയാണ് ഏറ്റവും ഒടുവില്‍ കണ്ടെത്തിയതെന്നും വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ഹെല്‍പ്പ് ലൈനുകളിലേക്കുള്ള കോളുകള്‍ ആറ് മടങ്ങായാണ് വര്‍ധിച്ചത്.

ഇക്കാലയളവില്‍ മാനസികാരോഗ്യത്തിനുള്ള മരുന്നുകളുടെ ഉപയോഗവും വര്‍ധിച്ചു. ഉറക്ക ഗുളികയുടെ ഉപയോഗം 19 ശതമാനമാണ് വര്‍ധിച്ചത്. ഒക്ടോബര്‍ മുതല്‍ തെറാപ്പി സെഷനുകളില്‍ 25 ശതമാനം വര്‍ധനവുണ്ടായതായി ഇസ്രഈലി ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തെറാപ്പിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഇസ്രഈലിലെ മാനസികാരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് യെഡിയോത്ത് അഹ്രോനോത്താണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തെറാപ്പിസ്റ്റുകളുടെ കുറവ് ഇസ്രഈലില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രഈലില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള മാനസിക രോഗത്തിന്റെ പൊട്ടിപുറപ്പെടലാണ്. ‘മാനസികാരോഗ്യ സുനാമി’ എന്നാണ് ഈ അവസ്ഥയ്ക്ക് രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന ഈ പ്രതിസന്ധിയെ ദുരന്തമെന്നാണ് മാനസികാരോഗ്യ മേഖലയിലെ മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.

നിലവില്‍ മാനസിക വെല്ലുവിളികളുടെ വ്യക്തമായ ലക്ഷണങ്ങളാണ് ഇസ്രഈലികള്‍ കാണിക്കുന്നത്. വിഷാദം, ഉത്കണ്ഠ, ക്ഷീണം എന്നിവയെല്ലാം ഈ വെല്ലുവിളിയ്ക്ക് കാരണമാകുന്നുണ്ട്. രാജ്യത്തെ കുടുംബങ്ങളെയാണ് ഈ സാരമായി ബാധിക്കുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Content Highlight: Health experts warn of ‘mental health tsunami’ in Israel

We use cookies to give you the best possible experience. Learn more