| Monday, 10th November 2025, 7:09 am

SAT ആശുപത്രിയിൽ അണുബാധയേറ്റ് യുവതിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രസവത്തിന് പിന്നാലെ SAT ആശുപത്രിയിൽ നിന്ന് അണുബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട്
ആരോഗ്യ വകുപ്പ്.

അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ ഇന്ന് നിയമിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ നൽകണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു.

ക്രിട്ടിക്കൽ കെയർ, ഇൻഫെക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെയും ഡെർമറ്റോളജി വകുപ്പ് മേധാവിയെയും അന്വേഷണത്തിന് ചുമതലപ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.

തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിൽ വെച്ച്  കഴിഞ്ഞ മാസം 22 നായിരുന്നു 26 കാരിയായ കരിയ്ക്കകം സ്വദേശി ശിവപ്രിയയുടെ രണ്ടാമത്തെ പ്രസവം.

ഇന്നലെ (ഞായർ) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൾട്ടി സ്പെഷ്യലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു ശിവപ്രിയയുടെ മരണം. ആശുപത്രിയിൽ നിന്നും അണുബാധ ഉണ്ടായെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നാണെന്ന് ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദ് പറഞ്ഞിരുന്നു. സാമ്പിൾ റിസൾട്ട് പ്രകാരം ഹോസ്പിറ്റലിൽ നിന്ന് പിടിപെടുന്ന ബാക്‌ടീരിയ എന്നാണറിഞ്ഞതെന്നും ശിവപ്രസാദ് പറഞ്ഞു.

എന്നാൽ ലേബർ റൂം അണുവിമുക്തമായിരുന്നെന്നും വീട്ടുകാർ രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. അണുബാധ ലക്ഷണങ്ങൾ തുടക്കത്തിൽ കാണിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.

കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പറഞ്ഞ് കൈക്കുഞ്ഞുമായി ബന്ധുക്കളും നാട്ടുകാരും ഇന്നലെ ആശുപത്രിക്ക് മുന്നിൽ  പ്രതിഷേധിച്ചിരുന്നു.

ബന്ധുക്കളുമായി ആശുപത്രി അധികൃതർ നടത്തിയ ചർച്ചയിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്താമെന്നും വിദഗ്‌ധ സമിതി അന്വേഷിക്കുമെന്നും കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നുമുള്ള ഉറപ്പ് നൽകിയിരുന്നു.

ഇതിനുപിന്നാലെയാണ് സംഭവത്തിൽ പ്രത്യേക ടീമിനെ വെച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകിയത്.

Content Highlight: Health Department has ordered an investigation into the death of a woman  in the SAT hospital after giving birth

We use cookies to give you the best possible experience. Learn more