| Wednesday, 10th December 2025, 6:54 am

'ഞങ്ങൾ മോശമാണ് മാം... ഞങ്ങൾ എല്ലാവർക്കും വിദ്യാഭ്യാസവും ചികിത്സയും നൽകി'; ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആരോഗ്യസെസ് ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ പ്രതിപക്ഷ സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ അവഗണന ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എം.പി.

ആരോഗ്യം സംസ്ഥാന വിഷയമാണെന്നും അര്‍ഹമായ വിഹിതം ഉറപ്പുവരുത്തണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പുകയില ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന സെസ് ആരോഗ്യ-പ്രതിരോധ മേഖലയില്‍ ചെലവഴിക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.

എന്നാല്‍ ആരോഗ്യ മേഖലയ്ക്ക് ഇത്ര പ്രതിരോധ മേഖലയ്ക്ക് ഇത്ര എന്ന് വ്യവസ്ഥ ചെയ്തിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

‘പൗരന്മാരുടെ ആരോഗ്യവും രാജ്യത്തിന്റെ സൈനിക തയ്യാറെടുപ്പും ശക്തിപ്പെടുത്തുന്നതിന് സെസ് ഒരു പുതിയ മാര്‍ഗം വാഗ്ദാനം ചെയ്യുന്നു,’ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളെ പഴിച്ചുകൊണ്ടാണ് മന്ത്രി സംസാരിച്ചത്. ഇതിനുപിന്നാലെയാണ് ജോണ്‍ ബ്രിട്ടാസ് കേന്ദ്ര അവഗണനക്കെതിരെ ശബ്ദമുയർത്തിയത്.

‘ഞങ്ങള്‍ മോശമാണ് മാം…
ഞങ്ങള്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസവും ചികിത്സയും നല്‍കുന്നു…
ഞങ്ങള്‍ വളരെ മോശമാണ് മാം… എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു.
ഞങ്ങള്‍ മഹാ മോശം…
ശരാശരി മലയാളിയുടെ ആയുസ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ 10 വര്‍ഷം കൂടുതലാണ്,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

പിരിച്ചെടുക്കുന്ന പണം നിങ്ങള്‍ എങ്ങനെയാണ് ചെലവഴിക്കാന്‍ പോകുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

ദേശീയ ഐക്യത്തിന് വേണ്ടി എത്ര രൂപ ചെലവഴിക്കുമെന്ന് നിങ്ങള്‍ പറയൂ. ജനങ്ങളെ നിരീക്ഷിക്കുന്നത് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിങ്ങള്‍ എത്ര പണം ചെലവഴിക്കും തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

പാന്‍മസാല പോലുള്ള ഹാനികരമായ വസ്തുക്കള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് എം.പി ശക്തിസിങ് ഗോഹില്‍, ഇത് തടയാന്‍ സെസ് മാത്രം സഹായകമാകില്ലെന്നും ചൂണ്ടിക്കാട്ടി.

നികുതി ചുമത്താനുള്ള അധികാരം പൂര്‍ണമായും പാര്‍ലമെന്റിന്റെ അധികാര പരിധിയിലാണ്. അതുകൊണ്ട് ആരോഗ്യസെല്‍ ബില്‍ ഫെഡറലിസത്തിന് എതിരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സാകേത് ഗോഖലെ പറഞ്ഞു.

ടി.ഡി.പി എം.പി മസ്താന്‍ റാവു യാദവ്, ബി.ജെ.പി എം.പി കവിത പട്ടീദാര്‍, ബി.ജെ.ഡി സുലത ദിയോ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം എതിര്‍പ്പുകള്‍ക്കിടയിലും പാന്‍ മസാല ഉത്പന്നങ്ങള്‍ക്ക് മേല്‍ പ്രത്യേക സെസ് ചുമത്തുന്ന ആരോഗ്യസുരക്ഷാ-ദേശീയസുരക്ഷാ സെസ് ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.

Content Highlight: Health Cess; John Brittas’ speech highlights neglect towards states in debate

We use cookies to give you the best possible experience. Learn more