| Wednesday, 6th August 2025, 1:12 pm

നാലാം ക്ലാസുകാരന് നേരെ ജാതി അധിക്ഷേപവും ദേഹോപദ്രവും, ആലപ്പുഴയില്‍ പ്രധാനാധ്യാപികക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഹരിപ്പാട് എം.എല്‍.പി സ്‌കൂളില്‍ നാലാം ക്ലാസുകാരന് നേരെ പ്രധാനാധ്യാപിക ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി. പ്രധാനാധ്യാപികയായ ഗ്രേസിക്കെതിരെ പൊലീസ് കേസെടുത്തു. കരിവേടനെന്നും കരിങ്കുരങ്ങെന്നും നാലാം ക്ലാസുകാരനെ വിളിച്ച് അധിക്ഷേപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്.

പൊലീസിനും ബാലാവകാശ കമ്മീഷനും കുട്ടിയുടെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരിയുടെ രണ്ട് മക്കളും എം.എല്‍.പി സ്‌കൂളിലാണ് പഠിക്കുന്നത്. ഒരുദിവസം മുഴുവന്‍ മകനെ മൂത്രമൊഴിക്കാന്‍ പോലും വിടാതെ പിടിച്ചുവെച്ചെന്ന് പ്രധാനാധ്യാപികയായ ഗ്രേസിക്കുട്ടിക്കെതിരായ പരാതിയില്‍ പറയുന്നുണ്ട്.

‘സ്‌കൂളില്‍ നിന്ന് വന്ന മകന്റെ കൈയിലെ പാടുകള്‍ കണ്ടപ്പോള്‍ അന്വേഷിച്ചു. ഗ്രേസി ടീച്ചര്‍ അടിച്ചെന്നും കവിളില്‍ കുത്തുകയും ചെയ്‌തെന്നായിരുന്നു മകന്‍ അപ്പോള്‍ പറഞ്ഞത്. മകന്‍ കറുമ്പനാണെന്നും കരിങ്കുരങ്ങിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പലപ്പോഴായി ഗ്രേസി ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. പുലയന്മാരാണ് നീയൊക്കെയെന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ലെന്നും അവര്‍ പറഞ്ഞു,’ കുട്ടികളുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

പിറ്റേദിവസം സ്‌കൂളില്‍ പോയി താന്‍ ടീച്ചറോട് എന്തിനാണ് ഉപദ്രവിച്ചതെന്ന് ചോദിച്ചെന്നും എന്നാല്‍ അവര്‍ തന്നെയും അപമാനിച്ചെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. താനെല്ലാം പുലയന്മാരാണെന്നും ഇനിയും ഇതുപോലെയൊക്കെ കാണിക്കുമെന്നും അവര്‍ പറഞ്ഞെന്നും പരാതിയില്‍ എഴുതിയിട്ടുണ്ട്. എവിടെ പരാതി കൊടുത്താലും തനിക്ക് ഒരു ചുക്കുമില്ലെന്നായിരുന്നു അവര്‍ പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.

‘എന്റെ മകനെയും ചേട്ടന്റെ മകനെയും അവര്‍ക്ക് ഇഷ്ടമല്ല. ‘വേടന്‍’ എന്നാണ് അവര്‍ സ്ഥിരമായി രണ്ട് കുട്ടികളെയും വിളിച്ചുകൊണ്ടിരുന്നത്. മകന് ഇപ്പോള്‍ സ്‌കൂളില്‍ പോകാന്‍ മടിയാണ്. ഇതിന് മുമ്പും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചിരുന്നു. എന്നാല്‍ മറ്റ് അധ്യാപകര്‍ പറഞ്ഞതുകൊണ്ട് അന്ന് പരാതിപ്പെട്ടില്ല. എന്നാല്‍ ഇത്തരം അധിക്ഷേപം നിരന്തരമായതുകൊണ്ടാണ് ഗ്രേസിക്കെതിരെ പരാതി നല്‍കിയത്. പ്രധാനാധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം,’ കുട്ടികളുടെ അമ്മ വ്യക്തമാക്കി.

Content Highlight: Headmistress physically assaulted student and insulted saying his caste name in Alapuzha

We use cookies to give you the best possible experience. Learn more