| Saturday, 18th October 2025, 8:03 am

'സാരെ ജഹാം സെ അച്ചാ'യുടെ അര്‍ത്ഥമെങ്കിലും അവര്‍ക്ക് മനസിലായിരുന്നെങ്കില്‍... പ്രിന്‍സിപ്പാളിനോട് ഉമ്പാച്ചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിവാദത്തില്‍ പ്രിന്‍സിപ്പാളിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ഗാനരചയിതാവും എഴുത്തുകാരനുമായ ഉമ്പാച്ചി.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കവി അല്ലാമാ ഇഖ്ബാലിന്റെ ‘സാരേ ജഹാം സെ അച്ചാ’ എന്ന ദേശഭക്തി ഗാനത്തിലെ വരികള്‍ കഴിഞ്ഞദിവസം സംസാരത്തിനിടെ ഉദ്ധരിച്ചിരുന്നു.

ഈ വരികളുടെ അര്‍ത്ഥമെങ്കിലും അവര്‍ മനസിലാക്കിയിരുന്നെങ്കില്‍ എന്നാണ് ഉമ്പാച്ചി ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. അവരുടെ ധാരണ പരിതാപകരം തന്നെയെന്നും അദ്ദേഹം പറയുന്നു.

‘കുട്ടികള്‍ നമ്മുടെ ഇന്ത്യയെ ‘സാരെ ജഹാം സെ അച്ചാ’ ആക്കട്ടേ എന്നാണവര്‍ പറയുന്നത്. ഇന്ത്യ സാരേ ജഹാന്‍ സെ അച്ചാ ആകുന്നത് അതൊരു മലര്‍വാടി ആകുമ്പോഴാണെന്നല്ലേ അടുത്ത വരി. ഒരു ദേശം പൂങ്കാവനമാകുന്നത് പല പൂക്കള്‍ വിരിയുന്നേരമാണ്. യഹ് ഗുല്‍സിതാന്‍ ഹമാരാ ഹമാരാ’, ഉമ്പാച്ചി കുറിച്ചു.

ഉമ്പാച്ചിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഇന്നത്തെ പ്രസംഗ മത്സരത്തില്‍ ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ അല്ലാമാ ഇഖ്ബാലിന്റെ കവിതയും ഉദ്ധരിക്കുന്നുണ്ട്; ഒന്നു കേട്ടു നോക്കൂ അത്. ‘സാരേ ജഹാം സെ അച്ചാ’

അതെന്താണാവോ ഈ ജഹാം..??കുട്ടികള്‍ നമ്മുടെ ഇന്ത്യയെ ‘സാരെ ജഹാം സെ അച്ചാ’ ആക്കട്ടേന്നാണവര്‍ പറയുന്നത്. ഉദ്ധരിക്കുന്ന ആ കവിതയെങ്കിലും അവര്‍ക്ക് മനസ്സിലായിരുന്നെങ്കില്‍. അവരുടെ ധാരണ പരിതാപകരം തന്നെ. ഇന്ത്യ സാരേ ജഹാന്‍ സെ അച്ചാ ആകുന്നത് അതൊരു മലര്‍വാടി ആകുമ്പോഴാണെന്നല്ലേ അടുത്ത വരി.

ഒരു ദേശം പൂങ്കാവനമാകുന്നത് പല പൂക്കള്‍ വിരിയുന്നേരമാണെന്ന്. യഹ് ഗുല്‍സിതാന്‍ ഹമാരാ ഹമാരാ.

അതേസമയം, എസ്.എഫ്.ഐയും സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സ്‌കൂളിലുണ്ടായ തട്ടം വിവാദം അനാവശ്യമായി ഉണ്ടാക്കിയെടുത്തതാണെന്നും മതനിരപേക്ഷമായ ഒരു നാട്ടില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതായിരുന്നു ഈ വിവാദമെന്നും എസ്.എഫ്.ഐ സംസ്ഥാനധ്യക്ഷന്‍ എം. ശിവപ്രസാദ് പറഞ്ഞിരുന്നു.

വിവാദം പ്രിന്‍സിപ്പാളിന്റെ പിടിവാശി കാരണമുണ്ടായതാണെന്ന് വിമര്‍ശിച്ച ശിവപ്രസാദ്, ഗ്രഹാം സ്റ്റെയിന്‍ എന്ന മിഷണറിയെ ചുട്ടെരിച്ചതും ഛത്തീസ്ഗഢില്‍ ഈയടുത്ത് കന്യാസ്ത്രീകളെ സംഘപരിവാര്‍ ആക്രമിച്ചതും തിരുവസ്ത്രത്തിന്റെ പേരിലായിരുന്നെന്ന് ഓര്‍മിപ്പിച്ചിരുന്നു.

എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യം. മതവിശ്വാസവും വസ്ത്രവും ആക്രമിക്കപ്പെടാനുള്ള കാരണമാകുന്ന വര്‍ഗീയവാദികള്‍ ഭരിക്കുന്ന വര്‍ത്തമാനകാല ഇന്ത്യയെ കുറിച്ചും മറന്നുപോകരുതെന്നും പ്രിന്‍സിപ്പാളിനോട് ശിവപ്രസാദ് പറഞ്ഞിരുന്നു.

അതേസമയം, കഴിഞ്ഞദിവസം സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. വിദ്യാര്‍ത്ഥിക്ക് തട്ടം ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കാമെന്ന ഡി.ഡി.ഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് തേടുകയും ചെയ്തു.

Content Highlight: Head Scarf row: Writer Umbachy to St. Rita’s School Principal

We use cookies to give you the best possible experience. Learn more