കൊച്ചി: സെന്റ് റീത്താസ് സ്‌കൂളിലുണ്ടായത് അനാവശ്യ വിവാദമെന്ന് വിമര്‍ശിച്ച് എസ്.എഫ്.ഐ അധ്യക്ഷന്‍ എം. ശിവപ്രസാദ്. കേരളം പോലെ മതനിരപേക്ഷതയില്‍ മാതൃകയായ കേരളത്തില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യ വിവാദമാക്കിയതിന് നന്ദിയുണ്ടെന്നും ശിവപ്രസാദ് പരിഹസിച്ചു.
‘എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ സെന്റ് റീത്ത പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട്’ എന്ന തലവാചകത്തിലെഴുതിയ കുറിപ്പിലാണ് ശിവപ്രസാദ് സ്‌കൂള്‍ അധികൃതരെ വിമര്‍ശിച്ചത്.
ഛത്തീസ്ഗഢില്‍ തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീകളെ അക്രമിക്കുമ്പോള്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിന്റെ പ്രശ്‌നമെന്ന് മറന്നു പോകരുതെന്ന് ശിവപ്രസാദ് കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു.
സംഘപരിവാരം ചുട്ടെരിച്ചുകളഞ്ഞ ഗ്രഹാം സ്റ്റെയിന്‍ എന്ന മിഷനറിയെയും മതവിശ്വാസവും വസ്ത്രവും അക്രമിക്കപ്പെടാനുള്ള കാരണമാകുന്ന വര്‍ഗീയ വാദികള്‍ ഭരിക്കുന്ന വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചും മറന്നു പോകരുതെന്നും അദ്ദേഹം പ്രിന്‍സിപ്പാളിനോടായി പറയുന്നു. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും മറന്നു പോകരുത്. ഇതെല്ലാം ഓര്‍മയില്‍ ഉണ്ടാവാന്‍ കൂടി പ്രാര്‍ത്ഥിക്കുന്നത് നന്നാവുമെന്നും അദ്ദേഹം പ്രിന്‍സിപ്പാളിനെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മിപ്പിച്ചു.
എം. ശിവപ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ സെന്റ് റീത്ത പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട്: നന്ദിയുണ്ട്. മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ ലോക മാതൃകയായ കേരളത്തില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യ വിവാദമാക്കിയതിന്.
ഛത്തീസ്ഗഢില്‍ തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീകളെ അക്രമിക്കുമ്പോള്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിന്റെ പ്രശ്‌നമെന്ന് മറന്നു പോകരുത്.
സംഘപരിവാരം ചുട്ടെരിച്ചുകളഞ്ഞ ഗ്രഹാം സ്റ്റെയിന്‍ എന്ന മിഷനറിയെ മറന്നു പോകരുത്.
മതവിശ്വാസവും വസ്ത്രവും അക്രമിക്കപ്പെടാനുള്ള കാരണമാകുന്ന വര്‍ഗ്ഗീയ വാദികള്‍ ഭരിക്കുന്ന വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചും മറന്നു പോകരുത്.
എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും മറന്നു പോകരുത്.
ഇതെല്ലാം ഓര്‍മയില്‍ ഉണ്ടാവാന്‍ കൂടി പ്രാര്‍ത്ഥിക്കുന്നത് നന്നാവും.
അതേസമയം, തട്ടം വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ച പള്ളുരുത്തി സെന്റ്. റീത്താസ് പബ്ലിക് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. തട്ടം ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കാമെന്ന ഡി.ഡി.ഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
എന്നാല്‍ സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് തേടിയിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതിന് ശേഷം മാത്രമായിരിക്കും വിഷയത്തില്‍ ഹൈക്കോടതിയുടെ വിധിയുണ്ടാവുക.
Content Highlight: Head Scarf controversy: SFI Leader M Sivaprasad to St.Ritas School Principal