| Saturday, 22nd August 2026, 12:44 pm

ആശിഷ് ശരിയാവില്ല, അവനെ കൊണ്ട് ആ കഥാപാത്രം ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു: സുചിത്ര മോഹന്‍ലാല്‍

ആര്യ.പി

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയെന്ന നിലയില്‍ വന്‍ ഹൈപ്പില്‍ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു തുടക്കം.

സിനിമയുടെ റിലീസ് ദിവസം വരെ മായയുടെ കഥാപാത്രത്തെ കുറിച്ചും മായയുടെ പ്രകടനം എങ്ങനെയിരിക്കുമെന്നതിനെ കുറിച്ചുമൊക്കെ പലവിധ ചര്‍ച്ചകള്‍ വന്നു.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും സിനിമയില്‍ ഒരു വേഷത്തില്‍ എത്തുന്നുവെന്ന് തുടക്കത്തിലേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില അഭിമുഖങ്ങളിലും ആശിഷിന്റെ സാന്നിധ്യം കണ്ടു.

എന്നാല്‍ അപ്പോഴും മലയാള സിനിമയുടെ വാഗ്ദാനമായി മാറാന്‍ പോകുന്ന ഒരു നടനാവും ആശിഷ് എന്ന് ആരും വിധിയെഴുതിയില്ല. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ ചിത്രം മാറി.

വിസ്മയയുടെ പ്രകടനത്തിന് വലിയ കയ്യടി ലഭിച്ചപ്പോള്‍ പോലും ആശിഷിന്റെ വില്ലന്‍ കഥാപാത്രമായിരുന്നു ഏവരേയും ഞെട്ടിച്ചത്. തുടക്കക്കാരന്റെ പതര്‍ച്ചയേതുമില്ലാതെ വില്ലന്‍ വേഷം ആശിഷ് ഗംഭീരമാക്കി.

എന്നാല്‍ തുടക്കത്തിന്റെ സ്‌ക്രിപ്റ്റ് കേട്ട ശേഷം വില്ലന്‍ വേഷം ആശിഷ് ചെയ്യുന്നതില്‍ തനിക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ലെന്ന് മോഹന്‍ലാലിന്റെ പങ്കാളിയും വിസ്മയയുടെ അമ്മയുമായ സുചിത്ര മോഹന്‍ലാല്‍ പറയുന്നു.

ആശിഷിനെ കൊണ്ട് ആ കഥാപാത്രം ചെയ്യാനാവില്ലെന്നാണ് താന്‍ കരുതിയതെന്നും സുചിത്ര പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുചിത്ര.

‘ ഞാന്‍ ആന്റണിയോട് നമുക്ക് ഈ കഥ കേള്‍ക്കണമെന്ന് പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങളെല്ലാവരും കഥ കേട്ടശേഷം ഈ കഥാപാത്രം ആശിഷ് ചെയ്താല്‍ എങ്ങനെയിരിക്കുമെന്ന ചര്‍ച്ച വന്നു. ഞാന്‍ പറഞ്ഞത് ഇല്ല അത് ശരിയാവില്ല എന്നായിരുന്നു. കാരണം ഞാന്‍ ഈ കുട്ടികളൊക്കെ വളര്‍ന്നത് കണ്ടതാണ്. അവരുടെ പെരുമാറ്റം എങ്ങനെയാണെന്ന് എനിക്ക് അറിയാം.

ജോക്കുവിന് (ആശിഷ് ജോ ആന്റണി) ഈ കഥാപാത്രം ചെയ്യാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ ഷൂട്ടിങ്ങിന്റെ സമയത്ത് തന്നെ നമ്മള്‍ എല്ലാവരും സര്‍പ്രൈസ് ആയി.

ഷൂട്ടിങ്ങിന്റെ ഇടയ്ക്ക് ആന്റണി വന്നിട്ട്, ചേച്ചീ ജോക്കുവിന് വേറെ ഒരു സിനിമയുടെ കഥ വന്നിട്ടുണ്ടെന്ന് പറഞ്ഞു. നൂറ് ശതമാനം അവന് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ പറഞ്ഞു. ഇങ്ങനെയൊരു ക്യാരക്ടര്‍ നമ്മള്‍ ആരും വിചാരിക്കാത്ത പോലെ അവന്‍ ചെയ്തു. പറയുമ്പോള്‍ ഒരു ഡയലോഗ് പോലുമില്ല.

ഏറ്റവും ഒടുവിലാണ് ഒരു ഡയലോഗ് വരുന്നത്. അതും വേണ്ടായിരുന്നു എന്ന് ചിലരൊക്കെ പറഞ്ഞു. കാരണം അത്രയും ഇന്റന്‍സായിട്ടാണ് അവന്‍ ഡയലോഗില്ലാതെ ആ കഥാപാത്രത്തെ കാരി ചെയ്തത്’, സുചിത്ര പറഞ്ഞു.

Content Highlight: He won’t be able to pull off that character; Suchithra Mohanlal on Aashish Antony Character in Thudakkam

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more