അഹമ്മദാബാദ്: ദളിതുകള്‍ നിരന്തരം വേട്ടയാടപ്പെടുന്ന ഗുജറാത്തില്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട ജിഗ്നേഷ് മെവാനിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ദളിത് സമൂഹം. ജിഗ്നേഷ് ജയിച്ചതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ക്ക് നീതി നേടി തരാന്‍ ജിഗ്നേഷിന് കഴിയുമെന്നും ഉനയില്‍ ഗോരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ വശ്രം സര്‍വ്വയ്യ പറഞ്ഞു.
” എം.എല്‍.എയായി കഴിഞ്ഞാല്‍ ഞങ്ങളുടെ കേസിനെ കുറിച്ചും ദളിതുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണ്” വശ്രം സര്‍വ്വയ്യ പറഞ്ഞു. ദളിതുകള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വശ്രം സര്‍വയ്യ വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
2016 ജൂലൈയിലെ ഉന പ്രക്ഷോഭം നയിച്ചുകൊണ്ടാണ് ജിഗ്നേഷ് മെവാനി അവകാശ പോരാട്ടങ്ങളില്‍ സജീവമായത്. ഉന അത്യാചാര്‍ ലഡത് സമിതി രൂപീകരിച്ച ജിഗ്നേഷ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ വദ്ഗാം മണ്ഡലത്തില്‍ മത്സരിച്ച മെവാനി ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 19,696 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയിരുന്നത്.
വിദ്യാസമ്പന്നനായ മെവാനിക്ക് ദളിത് വിഷയങ്ങള്‍ നിയമസഭയില്‍ എത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നുവെന്ന് സുരേന്ദ്ര നഗറില്‍ നിന്നുള്ള ദളിത് നേതാവായ നാഥുഭായ് പാര്‍മര്‍ പറഞ്ഞു. ഉനപ്രക്ഷോഭം നയിച്ച നേതാക്കളിലൊരാളാണ് നാഥുഭായ് പാര്‍മര്‍.
തെരഞ്ഞെടുപ്പില്‍ അസംബ്ലിയിലെ ദളിത്-ആദിവാസി-മുസ്‌ലിം അംഗസഖ്യ ഉയര്‍ന്നതായി ഗുജറാത്തിലെ ദളിത് നേതാവായ മാര്‍ട്ടിന് മക്‌വാന്‍ പറഞ്ഞു. വദ്ഗാമിന് പുറമെ ദസാദ, ദനിലിമിദ, കോഡിനാര്‍, കാലാവദ്, ഗദ്ദാദ എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന് വേണ്ടി ദളിത് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച് ജയിച്ചത്.
ഇത്തവണ രണ്ട് ആദിവാസി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടുണ്ട്. നേരത്തെ ഒരു മുസ്‌ലിം എം.ല്‍.എ മാത്രമാണുണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് മൂന്നായി കൂടിയെന്ന് മക്‌വാന്‍ പറഞ്ഞു.