| Sunday, 25th October 2026, 12:43 pm

അദ്ദേഹം സര്‍ക്കാരിനോട് അമിത വിധേയത്വം കാണിച്ചു: ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗള്‍

നിഷാന. വി.വി

ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ സുപ്രീം കോടതി ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗള്‍. ജഡ്ജിമാരുടെ നിയമന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അദ്ദേഹം അമിതമായി വഴങ്ങിക്കൊടുത്തിരുന്നുവെന്ന് കൗള്‍ പറഞ്ഞു.

ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന ‘വിത്തൗട്ട് ഫിയര്‍ ഓഫ് ഫേവര്‍’ എന്ന തന്റെ ആത്മകഥയിലാണ് ജസ്റ്റിസ് കൗളിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അന്നത്തെ ചീഫ് ജസ്റ്റിസും താനും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിന് മുന്‍പ് തന്നെ സര്‍ക്കാരിന്റെ അനുമതി തേടുന്ന രീതി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു ജഡ്ജിയുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉന്നയിച്ച ‘ജാതി’ സംബന്ധമായ വിചിത്രമായ ചോദ്യങ്ങള്‍ പോലും അദ്ദേഹം കൊളീജിയത്തില്‍ ഉന്നയിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു.

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലുകളില്‍ പ്രതിഷേധിച്ച് താന്‍ ഫയല്‍ അടച്ചുവെച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും, തുടര്‍ന്ന് കുറച്ചുകാലം കൊളീജിയം യോഗങ്ങള്‍ നടന്നിരുന്നില്ലെന്നും പുസ്തകത്തില്‍ പറയുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കൗള്‍ പറയുന്നതിങ്ങനെ: ‘നട്ടെല്ലുള്ള ജഡ്ജിമാരെയാണ് സര്‍ക്കാരിന് കൂടുതല്‍ ബഹുമാനമെന്ന് ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. സ്വയം ബഹുമാനിക്കുന്ന ജഡ്ജിമാരെയാണ് ഭരണകൂടവും ബഹുമാനിക്കുന്നത്.’ സര്‍ക്കാരിനെ ദൃഢതയോടെ നേരിട്ടാല്‍ പലപ്പോഴും അവര്‍ വഴങ്ങാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ്സ് കമ്മീഷന്‍ റദ്ദാക്കിയ നടപടി ജുഡീഷ്യറി പെട്ടെന്ന് തള്ളിക്കളയുന്നതിന് പകരം അതിന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കേണ്ടതായിരുന്നുവെന്നും കൗള്‍ അഭിപ്രായപ്പെടുന്നു.

കൊളീജിയവും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും നേരത്തെ തന്നെ രൂക്ഷമായിരുന്നു. ഒരു ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയുമായുള്ള വലിയ തര്‍ക്കത്തിലേക്കും ഇത് നയിച്ചിരുന്നു. ഈ വിഷയത്തില്‍ അന്ന് കൗള്‍ സ്വീകരിച്ച നിലപാടും ഏറെ ശ്രദ്ധേയമായിരുന്നു.

വിനായക ചതുര്‍ത്ഥി പൂജയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വീട്ടിലെത്തി പൂജയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. സര്‍ക്കാരിനെതിരായ കേസുകള്‍ കോടതി പരിഗണിക്കുന്ന ഘട്ടത്തിലായിരുന്നു ഈ സന്ദര്‍ശനം.

Content Highlight: He showed excessive subservience to the government: Justice Sanjay Kishan Kaul makes revelations against Justice D.Y. Chandrachud.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more