| Monday, 16th November 2026, 12:32 pm

ഒരു നിമിഷം പോലും ഭരണ തലപ്പത്തിരിക്കാന്‍ അയാള്‍ അര്‍ഹനല്ല: നെതന്യാഹുവും കൂട്ടാളികളും ജനാധിപത്യത്തിന് ഭീഷണി: ഐസന്‍കോട്ട്

നിഷാന. വി.വി

ടെല്‍അവീവ്: ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ട്. വോട്ടെടുപ്പില്‍ കൃത്രിമം നടത്താന്‍ നെതന്യാഹു ശ്രമിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഐസന്‍കോട്ടിന്റെ വിമര്‍ശനം. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളുടെയും പെരുമാറ്റം ഇസ്രഈലി ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

നെതന്യാഹുവിന് ഭരണത്തില്‍ തുടരാന്‍ ഒരു നിമിഷം പോലും അവകാശമില്ലെന്നും ഐസന്‍കോട്ട് പറഞ്ഞു. ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിന്റെ തലേ ദിവസം അറബ്- ഇസ്രഈലി പാര്‍ട്ടിയായ റാം അംഗങ്ങള്‍ക്കെതിരെ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായ ഇഡോ നോര്‍ഡന്‍, പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ ഫോണിലൂടെ പരാതി നല്‍കിയിരുന്നതായി ഇസ്രഈല്‍ ചാനല്‍ 12 നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭാഷണത്തിനിടെ, നെതന്യാഹുവിന്റെ ഓഫീസിലെ മുന്‍ ജീവനക്കാരനായ ഒരു ഇന്റലിജന്‍സ് സ്രോതസ്സിനെക്കുറിച്ച് നോര്‍ഡന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കി.

ഈ മുന്‍ ജീവനക്കാരനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് റാം പാര്‍ട്ടി അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. അറബ്- ഇസ്രഈലി പാര്‍ട്ടികള്‍ റെക്കോര്‍ഡ് സീറ്റുകള്‍ നേടിയതിന് പിന്നാലെ, അവര്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് നെതന്യാഹു രൂക്ഷമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.

എന്നാല്‍, ഈ സ്രോതസ്സ് നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മൂന്ന് പേരെയും പിന്നീട് വിട്ടയച്ചു. ഇതോടെയാണ് നെതന്യാഹുവിന്റെ ഓഫീസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നാരോപിച്ച് ഐസന്‍കോട്ട് രംഗത്ത് എത്തിയത്.

Content Highlight: He is not fit to remain at the helm of government for even a single moment; Netanyahu and his associates are a threat to democracy: Eisenkot

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more