ആലപ്പുഴ: സി.പി.ഐ.എം നേതാവ് ജി. സുധാകരന്‍ തന്റെ നേതാവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
സുധാകരന് തന്നെ കുറിച്ച് തെറ്റിദ്ധാരണകളില്ലെന്നും അദ്ദേഹം മുന്‍നിരയില്‍ നിന്ന് പാര്‍ട്ടിയെ നയിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിലായി ഇരുവരും പരസ്പരം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സജി ചെറിയാന്റെ വിശദീകരണം.
‘സുധാകരന്‍ സാറിന് എന്നെ കുറിച്ച് ഒരു തെറ്റിദ്ധാരണയുമില്ല. ഞാന്‍ ഒന്നും ഉപദേശിച്ചിട്ടില്ല. അദ്ദേഹത്തെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. മാധ്യമങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കരുത്.’, സജി ചെറിയാന്‍ പറഞ്ഞു.
തങ്ങള്‍ തമ്മില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ തങ്ങള്‍ തന്നെ പറഞ്ഞ് തീര്‍ത്തോളാമെന്നും സജി ചെറിയാന്‍ പറഞ്ഞു.
നേരത്തെ, ജി. സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്നുപോകണമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചിരുന്നു.
പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കണമെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ തുറന്നമനസോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തനിക്ക് എതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്ന ജി. സുധാകരന്റെ വിമര്‍ശനത്തോടായിരുന്നു സജി ചെറിയാന്റെ മറുപടി.
തനിക്കെതിരായ പടയൊരുക്കത്തിന് പിന്നില്‍ സജി ചെറിയാനാണെന്ന് ജി. സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു. തന്നെ പുറത്താക്കാന്‍ സജി ചെറിയാന്‍ ശ്രമിച്ചെന്നും പടക്കം പൊട്ടിച്ചും ടീ പാര്‍ട്ടി നടത്തിയും ആഘോഷിച്ചെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.
തന്നോട് മുട്ടാന്‍ സജി ചെറിയാന്‍ വരേണ്ട. സൂക്ഷിച്ച് സംസാരിക്കുന്നതാണ് നല്ലത്. തന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. എന്നും പാര്‍ട്ടിക്കൊപ്പമാണ്.
പാര്‍ട്ടിയെ നശിപ്പിക്കാന്‍ അനുവദിക്കില്ല, പാര്‍ട്ടി നയം അനുസരിച്ചാണ് തന്റെ പ്രവര്‍ത്തനമെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു.
Content Highlight: G. Sudhakaran is my leader; I am not the person to advise him: Saji Cheriyan