| Sunday, 19th July 2026, 12:35 pm

അയാള്‍ യുദ്ധകുറ്റവാളി; ന്യൂയോര്‍ക്ക് സന്ദര്‍ശന വേളയില്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി മംദാനി

നിഷാന. വി.വി

ന്യൂയോര്‍ക്ക്: വരുന്ന സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തുന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള നിയമപരമായ സാധ്യതകളെ കുറിച്ച് നിയമവിദഗ്ധരുമായി ആലോചിക്കുകയാണെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി.

ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഗസയിലെ യുദ്ധകുറ്റങ്ങളുടെയും മനുഷ്യത്വ രഹിതമായ ക്രിമിനല്‍ നടപടികളുടെയും അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മംദാനിയുടെ നീക്കം.

നെതന്യാഹു ഒരു യുദ്ധ കുറ്റവാളിയാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം നെതന്യാഹുവിന്റെ സ്ഥാനം ദി ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
തന്റെ മേയര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ നെതന്യാഹു ന്യൂയോര്‍ക്കിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് മംദാനി വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ മംദാനിക്ക് അമേരിക്കയോട് രഹസ്യമായ വെറുപ്പാണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. അമേരിക്കന്‍ മൂല്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഇസ്രഈലിനെ അപലിപ്പിക്കുന്നത് അമേരിക്കയെ വെറുക്കുന്നതിന് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു.

അറസ്റ്റ് മുന്നറിയിപ്പുകള്‍ക്കിടയിലും നെതന്യാഹു ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുമെന്നും ഒരു നഗരത്തിന്റെ മേയര്‍ക്ക് ഒരു അന്താരാഷ്ട്ര നേതാവിനെ അറസ്റ്റ് ചെയ്യാന്‍ യാതൊരു അധികാരവുമില്ലെന്നും ഇസ്രഈലിന്റെ യു.എന്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ പറഞ്ഞു.

Content Highlight: He is a war criminal; Mamdani prepares to arrest Netanyahu during his New York visit.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more