| Tuesday, 4th November 2025, 8:53 am

ട്രെയിനില്‍ നിന്നും തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. ഗുരുതര നിലയില്‍ നിന്ന് മാറ്റമുണ്ടെന്നും 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാകില്ലെന്നും ഡോക്ടേഴ്‌സ് അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ തലച്ചോറില്‍ ഒന്നിലധികം ക്ഷതം സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ചൊവ്വ) രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരുമെന്നാണ് വിവരം.

ഇതിനിടെ മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ന്യൂറോ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും ചേര്‍ന്നുള്ള ചികിത്സയാണ് നിലവില്‍ നല്‍കുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ഞായറാഴ്ച രാത്രി 8.40ന് വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്ത് വെച്ചാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. 19കാരിയായ ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ നടുവിന് ചവിട്ടിവീഴ്ത്തുകയായിരുന്നു. കേരള എക്‌സ്പ്രസിലാണ് സംഭവം നടന്നത്.

ശ്രീക്കുട്ടിയും മറ്റൊരു പെണ്‍കുട്ടിയും ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലുള്ള ബാത്ത്‌റൂമില്‍ പോയി വരുന്നതിനിടെ അക്രമിക്കപ്പെടുകയായിരുന്നു. പ്രതി തന്നെയും ചവിട്ടിവീഴ്ത്താന്‍ ശ്രമിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവം നടന്നയുടനെ പ്രതി സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് ഇയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം. ശേഷം തെളിവെടുപ്പ് നടക്കും. പ്രതിക്കെതിരെ റെയില്‍വേ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: The health condition of the girl who was pushed off the train has not changed

We use cookies to give you the best possible experience. Learn more