| Wednesday, 4th September 2019, 12:37 pm

'എന്റെ മുമ്പാകെ വേണ്ട' ; സഞ്ജീവ് ഭട്ടിന്റെ ജാമ്യ ഹരജി പരിഗണിക്കാന്‍ തനിക്കു കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി: വിട്ടുനിന്നത് കാരണംകാണിക്കാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: പുറത്താക്കപ്പെട്ട ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും സ്വയം വിട്ടുനിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി. സഞ്ജീവിന്റെ ജാമ്യ ഹരജി പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി.ബി മായാനിയാണ് ഹരജി പരിഗണിക്കാനാവില്ലെന്ന് അറിയിച്ചത്.

സഞ്ജീവ് ഭട്ടിന്റെ ജാമ്യ ഹരജി വന്നപ്പോള്‍ ‘എന്റെ മുമ്പാകെ വേണ്ട’ എന്നു പറഞ്ഞ് ജസ്റ്റിസ് വി.ബി മായാനി ഒഴിഞ്ഞുമാറുകയായിരുന്നു. വാദം കേള്‍ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവര്‍ പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല.

സഞ്ജീവ് ഭട്ടിനു പുറമേ പ്രവിന്‍സിന്‍ഹ് സാലയുടെയും ജാമ്യാ ഹരജിയാണ് വി.ബി മായാനിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഭട്ടിന്റെയും സാലയുടെയും അപ്പീലുകള്‍ ഇതേ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണന കാത്തുകിടക്കുകയാണ്.

1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജാംനഗറിലെ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിനേയും സാലയേയും ജീവപര്യന്തം തടവിനുശിക്ഷിച്ചത്.

പ്രഭുദാസ് മാധാവ്ജി വൈഷണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ശിക്ഷിക്കപ്പെട്ടത്.. 1990 നവംബറിലാണ് അദ്ദേഹം മരണപ്പെട്ടത്. കസ്റ്റഡി പീഡനത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നായിരുന്നു ആരോപണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സഞ്ജീവ് ഭട്ട് ജാംനഗര്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരിക്കെയാണ് വൈഷ്ണവി മരണപ്പെടുന്നത്. ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിന്റെ പേരില്‍ വൈഷണി ഉള്‍പ്പെടെ 133 പേരെ സഞ്ജീവ് ഭട്ടും മറ്റ് ഉദ്യോഗസ്ഥരും കസ്റ്റഡിയിലെടുത്തിരുന്നു. ഒമ്പതുദിവസമാണ് വൈഷണി കസ്റ്റഡിയില്‍ കഴിഞ്ഞത്. ജാമ്യത്തില്‍ ഇറങ്ങി പത്തുദിവസത്തിനുശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റെക്കോര്‍ഡുകളിലുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സംഭവത്തിനു പിന്നാലെ കസ്റ്റഡി പീഡനം ആരോപിച്ച് ഭട്ടിനും ചില ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 1995ല്‍ കേസ് മജിസ്ട്രേറ്റിന്റെ പരിഗണനയില്‍ വന്നിരുന്നെങ്കിലും ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്ള സ്റ്റേയുടെ അടിസ്ഥാനത്തില്‍ 2011വരെ വിചാരണ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് സ്റ്റേ നീക്കിയശേഷം വിചാരണ പുനരാരംഭിച്ചു.

വേറൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 2018 സെപ്റ്റംബര്‍ 22 മുതല്‍ സഞ്ജീവ് ഭട്ട് ജയിലാണ്. അദ്ദേഹം ജയിലില്‍ കഴിയവേയാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചുള്ള കോടതി ഉത്തരവ് വന്നത്. രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ജയിലായത്. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998-ലാണ് കേസിനാസ്പദമായ സംഭവംനടന്നത്.

2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more