ലഖ്‌നൗ: വ്യത്യസ്ത മതവിഭാഗക്കാരായ സ്വവര്‍ഗ ലിവ് ഇന്‍ പങ്കാളികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസിന് നിര്‍ദേശം നല്‍കി അലഹബാദ് ഹൈക്കോടതി. സ്വവര്‍ഗ പങ്കാളികളുടെ വിവാഹത്തിന് അംഗീകാരമില്ലെങ്കിലും അത് കാരണം അവരുടെ അന്തസ്സിനെയോ ശാരീരിക സുരക്ഷയെയോ ആക്രമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്ന പ്രായപൂര്‍ത്തിയായ പൗരരുടെ മൗലികാവകാശമാണ് ലിവ്-ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുക എന്നും കോടതി നിരീക്ഷിച്ചു. അവരുടെ ശാരീരിക സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താനോ ലംഘിക്കാനോ കുടുംബാംഗങ്ങള്‍ക്കോ മറ്റ് ബന്ധുക്കള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിനോ നിയമപരമായ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജിക്കാര്‍ മുതിര്‍ന്നവരാണെന്നും കുടുംബങ്ങളുടെ ഇടപെടലില്ലാതെ സമാധാനപരമായി ഒരുമിച്ച് ജീവിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ജസ്റ്റിസ് ഗൗതം ചൗധരയുടെ ബെഞ്ച് നിരീക്ഷിച്ചു.
സ്വവര്‍ഗ ദമ്പതികളുമായി സംസാരിച്ച കോടതി അവര്‍ മുതിര്‍ന്നവരാണെന്നും യാതൊരു സമ്മര്‍ദമോ ഭയമോ അനാവശ്യ സ്വാധീനമോ കൂടാതെയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതെന്നും നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെയുള്ള ‘ലിവിംഗ്-ടുഗെതര്‍’ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മുതിര്‍ന്ന രണ്ട് വ്യക്തികള്‍ക്ക് മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ നിയമപ്രകാരം വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കുടുംബാംഗങ്ങളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ യാതൊരുവിധ ഇടപെടലുകളുമില്ലാതെ സമാധാനപരമായി ഒരുമിച്ച് ജീവിക്കാന്‍ ഈ ദമ്പതികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. സ്വവര്‍ഗ പങ്കാളികളുടെ ലിവ്-ഇന്‍ ബന്ധത്തിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ പോലീസ് ഉടന്‍ തന്നെ അവര്‍ക്ക് സുരക്ഷ നല്‍കണം. അവര്‍ പ്രായപൂര്‍ത്തിയായവരാണെന്നും ഇഷ്ടപ്രകാരമാണ് ഒരുമിച്ച് ജീവിക്കുന്നതെന്നും ഉറപ്പുവരുത്തിയ ശേഷമാണ് ഇപ്രകാരം സുരക്ഷ നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കയതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ ‘ലിവിംഗ്-ടുഗെതര്‍’ ബന്ധത്തിനെതിരെ കുടുംബങ്ങളില്‍ നിന്ന് ഭീഷണി ഉയരുന്നതായി കാണിച്ച് ലെസ്ബിയന്‍ ദമ്പതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടിയെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 14നാണ് കേസ് കോടതി പരിഗണിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരും അവിവാഹിതരുമായ തങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് യുവതികളുടെ ഹരജിയില്‍ പറയുന്നു.
കുടുംബാംഗങ്ങളില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ദമ്പതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. യുവതികള്‍ക്ക് അടിയന്തര പോലീസ് സംരക്ഷണം നല്‍കണമെന്ന് ദമ്പതികളുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടതായും ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സ്വവര്‍ഗ ബന്ധങ്ങള്‍ക്കെതിരായ വാദങ്ങള്‍ കേസില്‍ ഹാജരായ യു.പി സര്‍ക്കാര്‍ അഭിഭാഷകന്‍ ഉന്നയിച്ചു. ഒരേ ലിംഗത്തിലുള്ളവരുടെ ബന്ധങ്ങള്‍ ‘സമൂഹത്തിന്റെ സ്വാഭാവികവും പരമ്പരാഗതവുമായ ഘടനയെ ബാധിക്കുന്നവയാണ്’ എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആരോപിച്ചു. അത്തരം ബന്ധങ്ങള്‍ക്ക് അംഗീകാരമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
Content Highlight: Allahabad High Court directs Uttar Pradesh Police to ensure safety of same-sex couple in live-in relationship