| Sunday, 9th August 2026, 6:53 am

കടലില്‍ കാണാതായവരെ കിട്ടിയോ? കണ്ണൂരില്‍ അറസ്റ്റിലായതിന് പിന്നാലെ അര്‍ജുന്‍ ആയങ്കി

നിഷാന. വി.വി

കണ്ണൂര്‍: ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയില്‍. കണ്ണൂരില്‍ നിന്നാണ് ആയങ്കിയെ പൊലീസ് സംഘം പിടികൂടിയത്. നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യാനായത്. കണ്ണൂരില്‍ നിന്നും ഡി.ഐ.ജിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആയങ്കിയെ അറസ്റ്റ് ചെയ്തത്.

ആയങ്കിയെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നുവെന്നും പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണ് പിടികൂടാനയതെന്നും കമ്മീഷണര്‍ ബി.വി വിജയ് ഭരത് പറഞ്ഞു. കണ്ണൂര്‍ താളി കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായിരുന്നു ആയങ്കി. എന്നാല്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് അഭിഭാഷക ദമ്പതികള്‍ നിലപാടെടുത്തു.

ഇതിനിടയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ച ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു. കടലില്‍ കാണാതയവരെ കിട്ടിയോ എന്നതായിരുന്നു കസ്റ്റഡിയില്‍ എടുത്തയുടനെയുള്ള ആയങ്കിയുടെ പ്രതികരണം. ഓട്ടോഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പാര്‍ട്ട്‌മെന്റിലേക്ക് പൊലീസ് എത്തിയത്.

ഡി.സി.സി പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രിയെ വെല്ലിവിളിച്ചുവെന്നതാണ് കേസ്. ആയങ്കിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ആയങ്കിയെ കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിനായിരുന്നു പരാതി നല്‍കിയത്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കണ്ണൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

‘വിരട്ടരുത് വളര്‍ന്ന പാര്‍ട്ടി വേറെയാണ്’ എന്നതായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയിലുള്ള ആയങ്കിയുടെ ഭീഷണി പോസ്റ്റ്. കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലായിരുന്നു പൊലീസ് ആയങ്കിയെ തെരഞ്ഞിരുന്നത്. എന്നാല്‍ ഒളിവിലിരുന്ന് ആയങ്കി പൊലീസിനും സര്‍ക്കാരിനുമെതിരെ നിരന്തരം ഭീഷണി മുഴക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

കടലിലകപ്പെട്ട മത്സ്യതൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെങ്കില്‍ റോഡിലിരുന്ന് കരയുന്ന സഹോദരിക്ക് അവരുടെ ഭര്‍ത്താവിനെ നേരത്തെ കിട്ടുമായിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

content Highlight: Have the missing people been found? Arjun Ayanki after his arrest in Kannur

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more