മംഗളൂരു: ഒക്ടോബറില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കര്‍ണാടകയിലെ ആര്‍.എസ്.എസ് നേതാവ് പ്രഭാകര്‍ കല്ലട്ക ഭട്ടിനെ പൊലീസ് ചോദ്യം ചെയ്തു.
പുത്തൂര്‍ റൂറല്‍ പൊലീസാണ് ചോദ്യം ചെയ്തത്. അഭിഭാഷകയായ ഈശ്വരി പദ്മുഞ്ജ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഒക്ടോബര്‍ 20ന് നടന്ന ദീപോത്സവ പരിപാടിക്കിടെ പുത്തൂര്‍ താലൂക്കിലെ ഉപ്പലിഗെയില്‍ വെച്ചായിരുന്നു ഹിന്ദു-മുസ്‌ലിം സമൂഹത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രഭാകര്‍ ഭട്ടിന്റെ വിദ്വേഷ പ്രസംഗം.
‘ഹിന്ദു സ്ത്രീകള്‍ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചാല്‍ പട്ടി പെറ്റുകൂട്ടൂന്ന പോലെയെന്ന് പരിഭവം പറയും. എന്നാല്‍, തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഏഴാമത് പ്രസവിച്ചാല്‍ അള്ളാ നല്‍കുന്നതെന്നാണ് പറയുക,’ ഭട്ട് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
കൂടാതെ, ഹിന്ദു സ്ത്രീകള്‍ ജനസംഖ്യാ വര്‍ധനവിനായി കൂടുതല്‍ പ്രസവിക്കണമെന്നും വോട്ടര്‍ പട്ടികയില്‍ ഹിന്ദുക്കളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും പ്രഭാകര്‍ ഭട്ട് പറഞ്ഞിരുന്നു.
ഉള്ളാളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയും കര്‍ണാടക നിയമസഭാ സ്പീക്കറുമായ യു.ടി ഖാദറിന് എതിരെയും ഭട്ട് പരാമര്‍ശം നടത്തിയിരുന്നു.
‘ഉള്ളാളില്‍ നിന്നും എങ്ങനെയാണ് ഒരു ഖാദര്‍ ജയിക്കുന്നത്. അവിടെ നമ്മളേക്കാള്‍ മുസ്‌ലിങ്ങളാണ് കൂടുതല്‍’, എന്നായിരുന്നു ഭട്ടിന്റെ വാക്കുകള്‍.
തുടര്‍ന്ന്, യൂട്യൂബില്‍ ലൈവായി പ്രചരിപ്പിച്ച പ്രസംഗത്തിനെതിരെ പരാതിയുമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഡ്വ. ഈശ്വരി പദ്മുഞ്ജ പൊലീസിനെ സമീപിക്കുകയായിരുന്നു.
സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍. പൊതുസമാധാനത്തെ തകര്‍ക്കുന്ന വാക്കുകള്‍, സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്ന ആഹ്വാനങ്ങള്‍ എന്നിവയാണ് ഭട്ടിന്റെ പ്രസംഗത്തിലുള്ളതെന്ന് ഈശ്വരി പദ്മുഞ്ജ ചൂണ്ടിക്കാണിച്ചിരുന്നു.
സംഭവത്തില്‍ ഒക്ടോബര്‍ 25ന് തന്നെ പൊലീസ് കേസെടുത്തിരുന്നു. പ്രഭാകര്‍ ഭട്ടും പരിപാടിയുടെ സംഘാടകരുമാണ് കേസിലെ പ്രതികള്‍.
Content Highlight: Hate speech: RSS leader Prabhakar Kalladka Bhat questioned by Puttur Police