| Sunday, 29th June 2025, 11:03 am

വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം: സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും സമൂഹത്തിൽ സമാധാനം തകർക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം നടന്ന വാർഷിക ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതികൾക്കായി കാത്തിരിക്കരുതെന്നും അത്തരം സന്ദർഭങ്ങളിൽ സ്വമേധയാ കേസുകൾ എടുത്ത് അവർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘പരാതികൾക്കായി കാത്തിരിക്കരുത്. അത്തരം സന്ദർഭങ്ങളിൽ സ്വമേധയാ കേസുകൾ എടുത്ത് അവർക്കെതിരെ നടപടിയെടുക്കുക. അവർ ആരായാലും എത്ര ശക്തരായാലും പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയാൽ കേസെടുക്കുക. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ തന്നെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുക. നിങ്ങൾ നടപടിയെടുത്തില്ലെങ്കിൽ, ഞങ്ങൾ നിങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതരാകും,’ അദ്ദേഹം പറഞ്ഞു.

ദക്ഷിണ കന്നഡ ജില്ലയിലെ വർഗീയ കലാപങ്ങളെയും കൊലപാതക പരമ്പരകളെയും പരാമർശിച്ചുകൊണ്ട്, ഇത്തരം സംഭവങ്ങൾ എന്തുകൊണ്ട് ദക്ഷിണ കന്നഡ ജില്ലയിൽ മാത്രം സംഭവിക്കുന്നുവെന്നും അദ്ദേഹം അന്വേഷിച്ചു.

പ്രത്യേക ആക്ഷൻ ഫോഴ്‌സിന്റെ രൂപീകരണത്തെക്കുറിച്ച് പരാമർശിക്കവേ, തീരദേശ മേഖലകളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നവരെ കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കാനും മേഖലയിൽ സമാധാനം ഉറപ്പാക്കണമെന്നും അദ്ദേഹം പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അതേസമയം ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഇന്ത്യൻ പ്രീമിയർ ലീഗ് വിജയത്തിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നടത്തിയ ആഘോഷ പരിപാടിക്കിടെ 11 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് വീഴ്ചയിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.

‘ഞാൻ 1983 മുതൽ ഒരു എം.എൽ.എയാണ്. മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത്തരമൊരു തിക്കിലും തിരക്കിലും പെട്ട് ഞാൻ മുമ്പ് കണ്ടിട്ടില്ല. കൃത്യസമയത്തും കൃത്യവുമായ വിവരങ്ങൾ നൽകാൻ കഴിയുന്നില്ലെങ്കിൽ രഹസ്യാന്വേഷണ വകുപ്പ് കൊണ്ട് എന്താണ് പ്രയോജനം? 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു,’ സിദ്ധരാമയ്യ പറഞ്ഞു.

2023ൽ സുപ്രീം കോടതിയും വർഗീയ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ പരാതിയില്ലാതെ കേസെടുക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നു. രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് മേധാവികളോട് ഏതെങ്കിലും മതത്തിൽപ്പെട്ടവർ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ സുപ്രീം കോടതി പറഞ്ഞിരുന്നു.

വിവിധ പ്രദേശങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും പരാമർശങ്ങളുടെയും എണ്ണം വർധിക്കുന്നതിൽ ആശങ്ക ഉയർത്തിയ കോടതി, 2022 ഒക്ടോബറിൽ ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, ദൽഹി എന്നീ സംസ്ഥാനങ്ങൾക്ക് വേണ്ടി പുറപ്പെടുവിച്ച നിർദേശം രാജ്യമെമ്പാടും വ്യാപിപ്പിക്കണമെന്ന് പറഞ്ഞു. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു നിർദേശം.

Content Highlight: Hate speech: Book suo motu cases, directs CM

We use cookies to give you the best possible experience. Learn more