| Tuesday, 18th November 2025, 9:16 pm

മുഖ്യമന്ത്രിക്കെതിരായ കൊലവിളി: ടീന ജോസിനെ 2009ല്‍ തന്നെ പുറത്താക്കിയിരുന്നു; തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.എം.സി സന്യാസിനി സമൂഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുഖ്യമന്ത്രിക്കെതിരായ കൊലവിളി: ടീന ജോസിനെ 2009ല്‍ തന്നെ പുറത്താക്കിയിരുന്നു; തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് സി.എം.സി സന്യാസിനി സമൂഹം

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന മുഖ്യന്ത്രിയെ വധിക്കണമെന്ന് ആഹ്വാനം ചെയ്ത ടീന ജോസിനെതിരെ സി.എം.സി സന്യാസിനി സമൂഹം.

കന്യാസ്ത്രീയുടെ വസ്ത്രമണിഞ്ഞുള്ള പ്രൊഫൈല്‍ പിക്ചര്‍ നല്‍കിയിരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ടീന ജോസ് എന്ന അഡ്വ. മേരി ട്രീസ പി.ജെ മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയിരുന്നത്.

എന്നാല്‍ ടീന ജോസിന്റെ അംഗത്വം 2009 ഏപ്രില്‍ നാലിന് റദ്ദാക്കിയിരുന്നെന്നും അന്നുമുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ ടീന ജോസിന് നയമപരമായി അവകാശമോ അനുവാദമോ ഇല്ലെന്നും സി.എം.സി വിമല പ്രൊവിന്‍സ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

മുന്‍ അംഗമായിരുന്ന ടീന ജോസ് മുഖ്യമന്ത്രിയെ അപായപ്പെടുത്തണമെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ എഴുതിയത് ശ്രദ്ധയില്‍പ്പെട്ടെന്നും ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ ഉത്തരവാദിത്വത്തില്‍ മാത്രമായിരിക്കുമെന്നും അതില്‍ സി.എം.സി സന്യാസിനി സമൂഹത്തിന് ഒരു പങ്കുമില്ലെന്നും അവര്‍ പറഞ്ഞു.

നേരത്തെ, ക്യാപ്റ്റന്‍ (മുഖ്യമന്ത്രി) നാളെ മുതല്‍ ഇറങ്ങുകയാണ് എന്ന സെല്‍റ്റന്‍ എല്‍. ഡിസൂസ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് കന്യാസ്ത്രീയുടെ വേഷം അണിഞ്ഞുള്ള പ്രൊഫൈലില്‍ നിന്നും ടീന ജോസ് (അഡ്വ. മേരി ട്രീസ പി.ജെ ) മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കമന്റ് ചെയ്തത്.

‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും,’ എന്നായിരുന്നു ടീന ജോസിന്റെ കമന്റ്.

അതേസമയം, ടീന ജോസിന്റെ ആഹ്വാനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയരുകയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ആണ് പറയുന്നതെന്നോര്‍ക്കണം. ഈ ടീന ജോസ് ഒരു കന്യാസ്ത്രീയാണെന്നാണ് അന്വേഷിച്ചപ്പോള്‍ കാണുന്നത്. പോരാതെ അഡ്വക്കേറ്റും ആണത്രെ.

കോണ്‍ഗ്രസിന്റെ അനുഭാവി ആണെന്ന് ‘രാജീവ് ഗാന്ധി’ റഫറന്‍സ് വെച്ചു പറഞ്ഞപ്പോള്‍ തന്നെ മനസിലായി. പക്ഷെ, ഈ വികൃത മനസും വെച്ച് ഇവരൊക്കെ എങ്ങനെ കന്യാസ്ത്രീ ആയി എന്നാണ് സാമൂഹ്യ നിരീക്ഷകനായ ടിറ്റോ ആന്റണി മേച്ചേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്തത്.

അതേസമയം, ഈ വധാശ്രമാഹ്വാനം ചെയ്തുള്ള കമന്റിന് പിന്നില്‍  ഗൂഢാലോചനയുണ്ടോ എന്ന് ബിനീഷ് കോടിയേരി സംശയമുന്നയിച്ചിരുന്നു.

ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നത് വെറും അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതരമായ ക്രിമിനല്‍ കുറ്റവും ഭീകരവാദവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

പൊലീസ് ഉടനടി നടപടിയെടുക്കണം. ഇത്തരം സൈബര്‍ വിഷങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Content Highlight: Hate speech  against the Chief Minister: Tina Jose was expelled in 2009; CMC nun community denies involvement

We use cookies to give you the best possible experience. Learn more