| Tuesday, 10th November 2026, 2:22 pm

സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിലെ ആക്ഷൻ സോങ്ങിൽ വിദ്വേഷ പരാമർശം; പ്രതിഷേധത്തെ തുടർന്ന് സമ്മാനം തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: സി.ബി.എസ്.ഇ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ആക്ഷൻ സോങ് മത്സരത്തിൽ വിദ്വേഷ പരാമർശങ്ങളടങ്ങിയ വരികൾ ഉൾപ്പെടുത്തിയത് വിവാദമാകുന്നു.

ആലുവ ക്രൈസ്തവ മഹിളാലയം സ്കൂളിൽ നടന്ന മത്സരത്തിലാണ് യു.കെ.ജി വിദ്യാർത്ഥികൾ പാടിയ പാട്ടിലെ വരികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നത്. 15 സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്.

ഒരു പ്രത്യേക വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നതും വിദ്വേഷം പരത്തുന്നതുമായ വരികൾ മത്സരത്തിനിടെ കുട്ടികൾ അവതരിപ്പിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ട്രെയിൻ ബോഗികളിൽ എത്തുന്ന മോഷ്ടാക്കളും റെയിൽവേ പാളത്തിൽ ബോംബ് വയ്ക്കുന്ന ഭീകരരും ഒരു അറബി വേഷവിധാനത്തിൽ എത്തുന്നു എന്നതായിരുന്നു പാട്ടിലെ വരികൾ.

കുട്ടികളുടെ അവതരണത്തിനിടയിൽ തന്നെ സദസിൽ ഉണ്ടായിരുന്ന ചിലർ വിഷയത്തിൽ ഇടപെടുകയും വരികളിലെ വിദ്വേഷ സ്വഭാവം ചൂണ്ടിക്കാട്ടി സംഘാടകരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഈ അവതരണത്തിന് സമ്മാനം നൽകുകയാണെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ഇവർ വ്യക്തമാക്കി. തുടർന്ന് സംഘാടകർ ഇടപെട്ട് പ്രസ്തുത ടീമിന് സമ്മാനം നൽകുന്നത് ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ വർഷവും ഇതേ ആക്ഷൻ സോങ് മത്സരത്തിൽ അവതരിപ്പിക്കപ്പെടുകയും സമ്മാനം നേടുകയും ചെയ്തിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ, ഇത്തരം വരികൾ മത്സരത്തിൽ എങ്ങനെ കടന്നുകൂടി എന്ന് അറിയില്ലെന്നാണ് സ്കൂൾ മാനേജ്‌മെന്റിന്റെ വിശദീകരണം. ഈ പാട്ട് എഴുതിയത് ആരാണെന്ന് തങ്ങൾക്ക് വ്യക്തമല്ലെന്നും മാനേജർ അറിയിച്ചു. സംഭവത്തിൽ സ്കൂൾ തലത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Content Highlight:Hate-filled remarks in an ‘action song’ at a CBSE school arts festival; prize withheld following protests.

Latest Stories

We use cookies to give you the best possible experience. Learn more