പ്രിയപ്പെട്ട ഫിദലിന്, മരിച്ചാല്‍ ആര് വിവരമറിയിക്കണമെന്ന് ഒരിക്കല്‍ നാം അന്വേഷിച്ചപ്പോള്‍ അങ്ങനെയുമൊരു സാധ്യതയുണ്ടല്ലോ എന്നോര്‍ത്ത് നാം വിസ്മയിച്ചു. ഒരു വിപ്ലവത്തില്‍ വിജയം അല്ലെങ്കില്‍ മരണം തീര്‍ച്ചയാണ്…. ഫിദല്‍ കാസ്‌ട്രോയ്ക്ക് വികാരനിര്‍ഭരമായ ഒരു കത്ത് അവശേഷിപ്പിച്ച് ബൊളീവിയന്‍ കാടുകളില്‍ ചെഗുവേരയുടെ വിമോചനപോരാട്ടം അപ്പോള്‍ തുടരുകയായിരുന്നു. കാസ്‌ട്രോയ്ക്ക് എഴുതിയ കത്തിനു മറുപടിയെന്നോണം ക്യൂബന്‍ സംഗീതജ്ഞനായിരുന്ന കാര്‍ലോസ് പുവേബ്ല രചിച്ച ഗാനമാണു “Hasta Siempre, Comandante !” ( കമാന്‍ഡര്‍, എന്നെന്നേയ്ക്കും!) എന്ന പ്രസിദ്ധമായ കവിത. (പുനപ്രസിദ്ധീകരണം)
പരിഭാഷ / സ്വാതി ജോര്‍ജ്ജ്
വിപ്ലവ ക്യൂബയുടെ ധനവ്യവസായമന്ത്രിയും നാഷണല്‍ ബാങ്കിന്റെ ഡയറക്ടറുമായിരിക്കുമ്പോഴാണ് ചെയുടെ തിരോധാനം. 1965 മാര്‍ച്ച് 17 ന് ശേഷം ചെ ഗുവേരയെ ക്യൂബ കണ്ടിട്ടില്ല. കോംഗോയിലേക്ക്, ബൊളിവിയയിലേക്കുള്ള വിപ്ലവയാത്രയുടെ തുടക്കം അപ്പോഴായിരുന്നു.
പ്രിയപ്പെട്ട ഫിദലിന്, മരിച്ചാല്‍ ആര് വിവരമറിയിക്കണമെന്ന് ഒരിക്കല്‍ നാം അന്വേഷിച്ചപ്പോള്‍ അങ്ങനെയുമൊരു സാധ്യതയുണ്ടല്ലോ എന്നോര്‍ത്ത് നാം വിസ്മയിച്ചു. ഒരു വിപ്ലവത്തില്‍ വിജയം അല്ലെങ്കില്‍ മരണം തീര്‍ച്ചയാണ്…. ഫിദല്‍ കാസ്‌ട്രോയ്ക്ക് വികാരനിര്‍ഭരമായ ഒരു കത്ത് അവശേഷിപ്പിച്ച് ബൊളീവിയന്‍ കാടുകളില്‍ ചെഗുവേരയുടെ വിമോചനപോരാട്ടം അപ്പോള്‍ തുടരുകയായിരുന്നു.
ഈ കത്തിന് മറുപടിയെന്നോണമാണ് ക്യൂബന്‍ സംഗീതജ്ഞനായിരുന്ന കാര്‍ലോസ് പുവേബ്ലയുടെ പ്രസിദ്ധമായ കവിത രചിക്കപ്പെടുന്നത്. അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച “Hasta Siempre, Comandante !” ( കമാന്‍ഡര്‍, എന്നെന്നേയ്ക്കും!) എന്ന സുപ്രസിദ്ധ ഗാനം ലക്ഷക്കണക്കിന് മനുഷ്യര്‍ ഇന്നും പാടിക്കൊണ്ടിരിക്കുന്നു. അതിന്റെ മലയാള പരിഭാഷയാണ് ഇവിടെ സ്വാതി ജോര്‍ജ്ജ് അതിന്റെ തീവ്രതയൊന്നും ചോരാതെ നിര്‍വ്വഹിച്ചിരിക്കുന്നത്.
ഗുവേരയുടെ മരണ ശേഷം അതിപ്രശസ്തിയാര്‍ജ്ജിച്ച ഈ ഗാനം അനേകം സംഗീതജ്ഞര്‍ പല രീതിയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
സ്പാനിഷില്‍ ഒരിക്കലും മരിക്കാത്ത ഓര്‍മ്മയെയാണു Hasta Siempre സൂചിപ്പിക്കുന്നത്.
നിന്റെ ധീരതയുടെ സൂര്യനെ
മരണം വളഞ്ഞുപിടിച്ച
ചരിത്രപരമായ ഉന്നതങ്ങളില്‍
ഞങ്ങള്‍ നിന്നെ സ്‌നേഹിക്കാന്‍ പഠിച്ചു.
കമാന്‍ഡര്‍ ചെ ഗുവേരാ,
ഇവിടെയിതാ തെളിഞ്ഞ,
പ്രിയങ്കരമായ നിന്റെ സാന്നിധ്യത്തിന്റെ
ഹൃദ്യമായ സുതാര്യത.
മുഴുവന്‍ സാന്റാ ക്ലാരയും*
നിന്നെയൊന്നു കാണുവതിന്നുണരുമ്പോള്‍,
നിന്റെ ശ്രേഷ്ഠമായ, മഹത്തായ കൈകള്‍
ചരിത്രത്തിനു നേരെ വെടിയുതിര്‍ക്കുന്നു.
കമാന്‍ഡര്‍ ചെ ഗുവേരാ,
ഇവിടെയിതാ തെളിഞ്ഞ,
പ്രിയങ്കരമായ നിന്റെ സാന്നിധ്യത്തിന്റെ
ഹൃദ്യമായ സുതാര്യത.
വസന്തസൂര്യന്മാരാല്‍
കാറ്റിനെ തീ പിടിപ്പിച്ച്
വരുന്നു നീ,
നിന്റെ ചിരിയുടെ വെട്ടത്താല്‍
കൊടി നാട്ടുവാന്‍.
കമാന്‍ഡര്‍ ചെ ഗുവേരാ,
ഇവിടെയിതാ തെളിഞ്ഞ,
പ്രിയങ്കരമായ നിന്റെ സാന്നിധ്യത്തിന്റെ
ഹൃദ്യമായ സുതാര്യത.
നിന്റെ മോചിപ്പിക്കുന്ന കരങ്ങളുടെ
ദൃഢതയെ കാക്കുന്ന പുതിയ ഇടങ്ങളിലേക്ക്,
നിന്റെ വിപ്ലവകരമായ സ്‌നേഹം
നിന്നെ നയിക്കുന്നു.
കമാന്‍ഡര്‍ ചെ ഗുവേരാ,
ഇവിടെയിതാ തെളിഞ്ഞ,
പ്രിയങ്കരമായ നിന്റെ സാന്നിധ്യത്തിന്റെ
ഹൃദ്യമായ സുതാര്യത.
ഞങ്ങള്‍ തുടരുക തന്നെ ചെയ്യും,
പണ്ടേപ്പോലെ, നിന്നോടൊപ്പം
ഫിഡെലിനോടൊപ്പം പറയുന്നു ഞങ്ങള്‍,
നിന്നോട്: “കമാന്‍ഡര്‍ ,എന്നെന്നേയ്ക്കും!”
ഗാനം കേള്‍ക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക (original version)
നതാലി കാര്‍ഡോണിന്റേതായി വന്ന വേര്‍ഷന്‍:
*സാന്റാ ക്ലാര 1958 ഡിസംബര്‍ 31നു ചെഗുവേരയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ സാന്റാ ക്ലാര നഗരം പിടിച്ചെടുത്തത് ജെനറല്‍ ബാറ്റിസ്റ്റയ്‌ക്കെതിരായ യുദ്ധത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു. പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ബാറ്റിസ്റ്റ ക്യൂബ ഉപേക്ഷിച്ചു കടന്ന് കളയുകയും ഫിഡെല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ വിപ്ലവകാരികള്‍ സമ്പൂര്‍ണ്ണ വിജയം നേടിയതായി പ്രഖ്യാപിക്കുകയും ചെയ്തു.