ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെക്കുറിച്ച് നിര്‍ണായക നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. ടീം മാനേജ്മെന്റിന്റെ ചില തീരുമാനങ്ങള്‍ കാരണം പുറത്തിരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, കിട്ടിയ അവസരങ്ങള്‍ മുതലാക്കി ടീമില്‍ സ്ഥാനം ഉറപ്പിച്ചു നിര്‍ത്താന്‍ കുല്‍ദീപിന് സാധിച്ചിട്ടില്ലെന്ന് കാര്‍ത്തിക് അഭിപ്രായപ്പെട്ടു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയുടെ പശ്ചാത്തലത്തിലാണ് മുന്‍ വിക്കറ്റ് കീപ്പറുടെ നിരീക്ഷണം. ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡി.കെ.
ദിനേഷ് കാര്‍ത്തിക്
‘ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ കുല്‍ദീപിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അവന്‍ നന്നായി പന്തെറിഞ്ഞു.
നിലവില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേല്‍ക്കുകയും രവി ബിഷ്ണോയ് ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുല്‍ദീപിന് കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കും,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
കുൽദീപ് യാദവ്
ഏകദേശം എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് 31കാരനായ ഇടംകയ്യന്‍ ചൈനാമാന്‍ സ്പിന്നര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിലേക്ക് തിരിച്ചെത്തുന്നത്. 2026-ലെ ട്വന്റി-20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കുല്‍ദീപിന് അവസരം ലഭിച്ചിരുന്നത്.
കുല്‍ദീപിന്റെ തിരിച്ചുവരവിനെ മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയും സ്വാഗതം ചെയ്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ കുല്‍ദീപ് ട്വന്റി-20യിലും ആ പ്രകടനം ആവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്ന് രഹാനെ വ്യക്തമാക്കി.
അതേസമയം, ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കുല്‍ദീപ് യാദവിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്. അക്‌സര്‍ പട്ടേലിനൊപ്പം ടീമിലെ സ്പിന്‍ ഓപ്ഷനാണ് കുല്‍ദീപ്.
കുൽദീപ് യാദവ്. Photo: BCCI/x.com
വാഷിങ്ടണ്‍ സുന്ദറിനെ റെഡ് ബോള്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി റിലീസ് ചെയ്തതിനെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ നമന്‍ ധിറിന് ആദ്യ ടി-20യിലൂടെ അരങ്ങേറ്റത്തിനും കളമൊരുങ്ങി.
Content highlight: “Hasn’t done well enough to hold onto that place” – Dinesh Karthik’s massive remark on Kuldeep Yadav