ന്യൂദല്‍ഹി: ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയതിനെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
‘ വംശഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന വ്യക്തിയെ ഇന്ത്യന്‍ തലസ്ഥാനത്ത് തല്‍സമയ മാധ്യമ സംവാദത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചതില്‍ ബംഗ്ലാദേശിന് രോക്ഷമുണ്ട്, ബംഗ്ലാദേശിനും ഇവിടുത്തെ ജനങ്ങള്‍ക്കുമെതിരെ ഹസീന ശത്രുതാപരമായ പരാമര്‍ശങ്ങളാണ് നടത്തിയത്,’ ബംഗ്ലാദേശ് വിദേശമന്ത്രാലയം പറഞ്ഞു.
ഹസീനയെ ബംഗ്ലാദേശിന് വിട്ടുതരണമെന്ന് ആവര്‍ത്തിച്ച് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചതായും ഇന്ത്യ ഇതുവരെ അതുമായി ബന്ധപ്പെട്ട ഒരു പ്രതികരണവും നല്‍കിയില്ലെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.
ഇത്തരമൊരു പരിപാടിക്ക് ഇന്ത്യ അവസരം നല്‍കിയ നടപടി ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ബംഗ്ലാദേശ് വിദേശമന്ത്രാലയം മുന്നറിയിപ്പു നല്‍കി.
2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടയില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ കൊല്ലപ്പെടുകയും തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഹസീന ഇന്ത്യയില്‍ അഭയംപ്രാപിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ രാഷ്ട്രീയാഭയം രണ്ടു വര്‍ഷം പൂര്‍ത്തിയായ ബുധനാഴ്ചയാണ് ദല്‍ഹിയില്‍ ഫോറിന്‍ കറസ്‌പോണ്ടന്റ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ ഒരുക്കിയ മാധ്യമ സമ്മേളനത്തില്‍, അജ്ഞാത കേന്ദ്രത്തിലിരുന്ന് ശബ്ദസന്ദേശത്തിലൂടെ ഹസീന സംസാരിച്ചത്.
വീഡിയോ ദൃശ്യം ഇല്ലാതെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അവര്‍ ഓണ്‍ലൈനായി മറുപടിയും നല്‍കി. ‘ഈ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് ഞാന്‍ തിരിച്ചു പോകും, നിലവിലുള്ള ഭരണകൂടം എന്നെ ജയിലിലടച്ചേക്കാം ചിലപ്പോള്‍ ഞാന്‍ കൊല്ലപ്പെട്ടേക്കാം എങ്കിലും തിരിച്ചുപോകണം, തനിക്കെതിരെ അറുനൂറിലധികം കേസുകളുണ്ട്. തിരികെപ്പോകാന്‍ ശ്രമിക്കുമ്പോഴൊക്കെ അവര്‍ എന്നെ തടഞ്ഞിരുന്നു, എന്നാലും തിരികെപ്പോകണം, ബംഗ്ലാദേശിനെ തിരികെപ്പിടിക്കണം,’ ഹസീന മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ എന്നും അടുത്ത സുഹൃത്താണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ട് ഹസീന വ്യക്തമാക്കി. ഇന്ത്യയിലെത്തിയതിനുശേഷം ആദ്യമായാണ് ഹസീന പൊതുമധ്യത്തില്‍ പ്രസ്താവന നടത്തുന്നത്. ‘ഷെയ്ഖ് ഹസീന വെല്‍ക്കം ഹോം കമിങ്ങ്’ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ഹസീനയുടെ മകനും മുന്‍ സര്‍ക്കാറിന്റെ ഉപദേശകനുമായിരുന്ന സജീബ് വസേദ് ജോയും ഓണ്‍ലൈനായി സംസാരിച്ചു.
Content Highlights: Hasina’s press conference in Delhi; Bangladesh warns of a rift in ties with India