ധാക്ക: ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍. ധാക്കയിലെത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് ത്രിവേദിയുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഹസീനയുടെ കൈമാറ്റം സംബന്ധിച്ച ആവശ്യം ബംഗ്ലാദേശ് വീണ്ടും മുന്നോട്ടുവെച്ചത്.
ഹസീനയുടെ ഇന്ത്യയിലെ സാന്നിധ്യം ഇരുരാജ്യങ്ങള്‍ക്കിടയിലും വിള്ളല്‍ ഉണ്ടാക്കുന്ന വിഷയമായി തുടരുന്നതിനിടെയാണ് പുതിയ നീക്കം. 2024ല്‍ ബംഗ്ലാദേശിലെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യം വിട്ട ഹസീന കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയിലാണ്.
നിലവില്‍ ബംഗ്ലാദേശില്‍ ഹസീനയ്ക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനും രാജ്യത്ത് വിലക്കുണ്ട്.
കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച വിദേശ മാധ്യമപ്രവര്‍ത്തകരുടെ പരിപാടിയില്‍ ഓഡിയോ ലിങ്കിലൂടെ സംസാരിച്ച ഹസീന, താന്‍ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ പദ്ധതിയിടുന്നതായും ഡിസംബറില്‍ മടങ്ങിയേക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് വീണ്ടും ഹസീനയുടെ കൈമാറ്റ ആവശ്യം ശക്തമായി ഉന്നയിച്ചത്.
ഹസീനയുടെ ഇന്ത്യയിലെ പരിപാടിയോടും പ്രസ്താവനകളോടും ബംഗ്ലാദേശ് നേരത്തെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പരിപാടി സംഘടിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്നും അവിടെ നടത്തിയ പ്രസ്താവനകളെ ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ട്.
ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കേണമെന്ന് താരിഖ് റഹ്‌മാന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഹസീനയുടെ കൈമാറ്റത്തിന് പുറമെ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഷരീഫ് ഉസ്മാന്‍ ബിന്‍ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അറസ്റ്റിലായ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ കൂടി തിരിച്ചുനല്‍കണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ബംഗ്ലാദേശ് മുന്നോട്ടുവച്ചു .
‘ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും, ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ പല വിഷയങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും,’ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് ത്രിവേദി പറഞ്ഞു.
സെപ്റ്റംബറില്‍ നടക്കുന്ന ബ്രിക്‌സ് നേതാക്കളുടെ ഔട്ട്‌റീച്ച് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താരിഖ് റഹ്‌മാനെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്.
Content Highlights: Hasina must be handed over; Bangladesh reiterates demand to India