| Friday, 27th March 2026, 9:25 pm

അന്ന് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്; കുറച്ചുകൂടി ഫിനാന്‍ഷ്യലി സ്റ്റേബിളായി: ഹാഷിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഹാഷിര്‍. സമൂഹമാധ്യമങ്ങളിലൂടെ വലിയ ഫാന്‍ബേസിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞ താരം വാഴ ദി ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കും കാലെടുത്തുവെച്ചു.

ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തുന്ന വാഴ2വില്‍ ഹാഷിറും സംഘവുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നവവാഗതനായ സവിന്‍ എസ്. എ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 2ന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള ബന്ധപ്പെട്ട അഭിമുഖത്തില്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ഹാഷിര്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജീവിതത്തില്‍ ഇന്നും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും ഫിനാന്‍ഷ്യലി കുറച്ച് സ്റ്റേബിളായെന്നും ഹാഷിര്‍ പറയുന്നു.

‘ഒരു നാല് വര്‍ഷം മുമ്പ് വരെ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. ഇടക്ക് നമ്മള്‍ ഓര്‍ക്കും ‘നീ സിനിമയിലൊക്കെ ഉള്ളതാണ്’ എന്നൊക്കെ തമാശയ്ക്ക് പരസ്പ്പരം പറയും. ഒരുപാട് ക്രൗഡിനിടയില്‍ പണ്ട് ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങളൊന്നും ഇപ്പോള്‍ ചെയ്യുന്നില്ല.

നമ്മള്‍ എവിടെയങ്കിലും പോകുന്നത്, കൂട്ടുകാരോട് സംസാരിക്കുന്നത്, നാട്ടില്‍ പോകുന്നത് അങ്ങനെ എല്ലാ കാര്യങ്ങളും ഇപ്പോഴും അതുപോലെ തന്നെ. വര്‍ക്കല വന്നാല്‍ നമ്മളെ എവിടെയെങ്കിലും വെച്ച് കാണാന്‍ പറ്റും. നമ്മള്‍ നോര്‍മലി നടന്ന് പോകുകയായിരിക്കും അപ്പോള്‍ ‘ ഇത് അവരല്ലേ’ എന്നൊക്കെ ചോദിച്ച് ആരെങ്കിലമൊക്കെ വരും,’ ഹാഷിര്‍ പറയുന്നു.

ജീവിതത്തില്‍ മറ്റ് വലിയ വ്യത്യാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഫിനാന്‍ഷലി ഒരുപാട് സ്റ്റേബിളായെന്നും ഹാഷിര്‍ പറഞ്ഞു. മുമ്പ് ഫിനാന്‍ഷ്യലി അത്ര സ്റ്റേബിളല്ലായിരുന്നുവെന്നും നടന്‍ പറഞ്ഞു. ഇപ്പോള്‍ സ്വന്തം കാര്യം നോക്കാനായി തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും അതൊരു വലിയ സഹായമാണെന്നും ഹാഷിര്‍ കൂട്ടിച്ചേര്‍ത്തു.

വാഴ രചിച്ച വിപിന്‍ദാസ് തന്നെയാണ് വാഴ 2വിന്റെയും തിരക്കഥ നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ഹാഷിറിന് പുറമെ അലന്‍, അജിന്‍, വിനായക് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റേതായി വന്ന പോസ്റ്ററും ഗാനങ്ങളും വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. എന്നാല്‍ ഹാഷിറിന്റെ റീലുകളില്‍ ഹിറ്റായ ‘എന്തൊക്കെയാടാ ഈ കൊച്ചുകേരളത്തില്‍ നടക്കുന്നത്’ എന്ന ഡയലോഗ് ഉപയോഗിച്ച് കൊണ്ട് വന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറഞ്ഞു. ഈ ഗാനം തിയേറ്ററില്‍ റിലീസ് ചെയ്യരുതെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Content Highlight: Hashir says there haven’t been any major changes in his life since he became famous 

We use cookies to give you the best possible experience. Learn more