ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഹാഷിര്‍. സമൂഹമാധ്യമങ്ങളിലൂടെ വലിയ ഫാന്‍ബേയ്‌സ് സൃഷ്ടിക്കാന്‍ കഴിഞ്ഞ താരം വാഴ ദി ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കും കാലെടുത്തുവെച്ചു.
ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തുന്ന വാഴ2വില്‍ ഹാഷിറും സംഘവുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നവവാഗതനായ സവിന്‍ എസ്. എ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 2ന് (നാളെ) തിയേറ്ററുകളിലെത്തും.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഹാഷിര്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റീല്‍സ് ചെയ്യുമ്പോഴും തങ്ങള്‍ക്ക് വാല്യു തരുന്ന ഒരു വിഭാഗം ജനങ്ങളുണ്ടെന്നും വീഡിയോകള്‍ ചെയ്യുന്നത് തുടരുമെന്നും നടന്‍ പറയുന്നു.
‘ഒരിക്കലും റീല്‍ ചെയ്യുന്നത് നിര്‍ത്തില്ല. സിനിമ ചെയ്ത് കഴിഞ്ഞാല്‍ വീണ്ടും വീഡിയോ ചെയ്യും. സിനിമയും റീല്‍സും രണ്ട് തട്ടില്‍ കിടക്കുന്ന സംഭവങ്ങളാണ്. സിനിമ ചെയ്യുന്നതിനായിരിക്കും ചിലപ്പോള്‍ കൂടുതല്‍ വാല്യു കിട്ടുക. ഏത് സ്ഥലത്തായാലും അവിടെ ബെസ്റ്റായി നില്‍ക്കുക. അത് മാത്രമേ ഞങ്ങള്‍ നോക്കുന്നുള്ളൂ. ഞങ്ങളുടെ വാല്യു ഞങ്ങളുടെ വീഡിയോ കാണുന്ന, ഇഷ്ടപ്പെടുന്ന ആള്‍ക്കാരാണ്.
അവരാണ് നമുക്ക് വാല്യൂ തരുന്നത്. റീല്‍സ് കാണാന്‍ ആളുകളുണ്ട്, ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ വലിയ ഇഷ്ടവുമാണ്. അതുകൊണ്ട് അത് ഒരിക്കലും വിട്ടിട്ട് വരാന്‍ കഴിയില്ല. നാളെ സാഹചര്യം എങ്ങനെയായിരിക്കുമെന്ന് അറിയില്ല. മാക്‌സിസം നമ്മള്‍ വീഡിയോ ചെയ്യും,’ ഹാഷിര്‍ പറയുന്നു.
ജീവിതത്തില്‍ മറ്റ് വലിയ വ്യത്യാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഫിനാന്‍ഷലി ഇന്ന് ഒരുപാട് സ്റ്റേബിളായെന്നും ഹാഷിര്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സ്വന്തം കാര്യം നോക്കാനായി തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും അതൊരു വലിയ സഹായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാഴ രചിച്ച വിപിന്‍ദാസ് തന്നെയാണ് വാഴ 2വിന്റെയും തിരക്കഥ നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ഹാഷിറിന് പുറമെ അലന്‍, അജിന്‍, വിനായക് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റേതായി വന്ന പോസ്റ്ററും ഗാനങ്ങളും വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
കഴിഞ്ഞ ദിവസം സിനിമയുടേതായി വന്ന ട്രെയ്‌ലറും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാഴയുടെ ആദ്യ ഭാഗം പോലെ തന്നെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കുട്ടികാലം മുതല്‍ യൗവനം വരെയുള്ള ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ റീല്‍സിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അമീനും ടീമും അണിനിരക്കുന്നുണ്ട്.
Content Highlight: Hashir says he will never stop making reels