| Monday, 13th April 2026, 9:00 pm

ചില സമയങ്ങളിൽ പണത്തിന് വാല്യൂ കൊടുക്കണം, ചിലപ്പോൾ പടത്തിനും: ഹാഷിർ

നന്ദന എം.സി

‘എന്തൊക്കെയാടാ…. ഈ കൊച്ചു കേരളത്തിൽ നടക്കുന്നേ…’ എന്ന ഒരു ഡയലോഗ് കൊണ്ട് തന്നെ സോഷ്യൽ മീഡിയ കീഴടക്കിയ ഹാഷിർ, ഇന്ന് സിനിമ ലോകത്തും ശ്രദ്ധേയനായിരിക്കുകയാണ്. ഇൻസ്റ്റഗ്രാം റീലുകൾ വഴി വൈറലായ താരം, തന്റെ പ്രകടനത്തോടെ ബിഗ് സ്‌ക്രീനിലും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

സവിൻ സ സംവിധാനം ചെയ്ത വാഴ 2 വലിയ താരനിരയില്ലാത്ത ചിത്രം ആയിരുന്നെങ്കിലും ബോക്സ് ഓഫീസിൽ ശ്രദ്ധേയമായ വിജയമായി മാറിയിരിക്കുകയാണ്. വെറും ഏഴ് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിലേക്ക് വാഴ2 ഇടം പിടിച്ചത്.

ഇപ്പോഴിതാ, പണത്തിനാണോ പ്രാധാന്യം നൽകേണ്ടത്, അല്ലെങ്കിൽ സിനിമയ്ക്കാണോ എന്ന ചോദ്യത്തിന് ഹാഷിർ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. തന്റെ നിലപാട് തുറന്നു പറഞ്ഞ താരം, അഭിനയത്തോടുള്ള സമീപനവും സിനിമയോടുള്ള പ്രതിബദ്ധതയും വീണ്ടും തെളിയിച്ചിരിക്കുകയാണ്.

‘ഒരു റീലിൽ നിന്നും കിട്ടുന്ന പോലെ അല്ല സിനിമയിൽ നിന്നും കിട്ടുന്നത്. ചില സമയങ്ങളിൽ നമ്മൾ പണത്തിന് വാല്യൂ കൊടുക്കണം, ചില സമയങ്ങളിൽ പടത്തിനും. അത് എങ്ങനെയാണെന്ന് നമ്മൾ നോക്കി കണ്ടു കൊടുക്കണം.

ചില പടങ്ങൾ എനിക്കാണ് ഉപയോഗമെങ്കിൽ പണം കുറച്ച് കുറവായാലും കുഴപ്പമില്ല. ഇനി അതല്ല, എനിക്ക് വലിയ പ്രാധാന്യം ഇല്ലെങ്കിൽ അവിടെ നമ്മൾ പണത്തിന് പ്രാധാന്യം കൊടുക്കണം.

വാഴ 2, Photo: IMDb

വാഴ 2ന്റെ കാര്യത്തിൽ എനിക്ക് ആദ്യം ഈ മേഖലയിൽ എത്തിപ്പെടണം. പടമാണ് ഇവിടെ എന്റെ ഇൻവെസ്റ്റ്മെന്റ്, അതുകൊണ്ട് പടത്തിനാണ് വാല്യൂ. ഇതിലൂടെ വേണം ഇനി അടുത്ത സ്റ്റെപ്പിലേക്ക് കടക്കാൻ,’ ഹാഷിർ പറഞ്ഞു.

റിലീസ് ചെയ്ത് വെറും എട്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 117 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടി. ആദ്യ ഭാഗത്തെക്കാൾ വലിയ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സവിൻ സ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹിറ്റ് മേക്കർ വിപിൻ ദാസാണ്.

Content Highlight: Hashir’s answer to the question of whether money or cinema should be given priority is being discussed on social media.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more