ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഏര്‍ളി അഡ്വാന്റേജുമായി സന്ദര്‍ശകര്‍. മരാറ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ 198 റണ്‍സിന് പുറത്താക്കിയാണ് ബംഗ്ലാദേശ് ഇരു ടീമിന്റെയും ആരാധകരെ ഒന്നുപോല്‍ ഞെട്ടിച്ചത്.
ഹസന്‍ മഹ്മൂദിന്റെ ബൗളിങ് കരുത്തിലാണ് ബംഗ്ലാദേശ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. മൂന്ന് മെയ്ഡനടക്കം 17 ഓവര്‍ പന്തെറിഞ്ഞ താരം 55 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയുമടക്കം ആറ് വിക്കറ്റുകളാണ്.
37 പന്തില്‍ 23 റണ്‍സ് നേടിയ ജേക് വെതറാള്‍ഡിനെ വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിന്റെ കൈകളിലെത്തിച്ചായിരുന്നു മഹ്മൂദിന്റെ തുടക്കം. തന്റെ അടുത്ത ഓവറില്‍ ട്രാവിസ് ഹെഡിനെ (39 പന്തില്‍ 22) മടക്കിയ താരം ആതിഥേയരെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു.
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (19 പന്തില്‍ ഒമ്പത്), മിച്ചല്‍ സ്റ്റാര്‍ക് (11 പന്തില്‍ ഒന്ന്) എന്നിവരെ രണ്ടാം സെഷന്‍ അവസാനിക്കും മുമ്പ് മഹ്മൂദ് പുറത്താക്കിയിരുന്നു.
ചായയ്ക്ക് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 എന്ന നിലയിലേക്ക് കങ്കാരുക്കള്‍ കാലിടറിയത് ഈ മീഡിയം പേസറുടെ കരുത്തുകൊണ്ട് മാത്രമാണ്.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന സ്റ്റീവ് സ്മിത് എന്ന മഹാമേരുവിനെ പവലിയനിലേക്ക് മടക്കിയാണ് മഹ്മൂദ് തന്റെ ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. 109 പന്തില്‍ 71 റണ്‍സുമായാണ് ഓസീസിന്റെ ടോപ്പ് സ്‌കോററായ സ്മിത് ലിട്ടണ്‍ ദാസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങിയത്.
ശേഷം നഥാന്‍ ലിയോണിനെയും മടക്കി ആറ് വിക്കറ്റുകള്‍ തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു.
ഇതാദ്യമായാണ് ഒരു ബംഗ്ലാദേശ് ബൗളര്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഫൈഫര്‍ നേടുന്നത് എന്നതാണ് മഹ്മൂദിന്റെ നേട്ടത്തെ കൂടുതല്‍ മികച്ചതാക്കുന്നത്.
മഹ്മൂദിന് പുറമെ താസ്‌കിന്‍ അഹമ്മദും എദാബോദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സ് ലീഡ് നേടാനുറച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 എന്ന നിലയിലാണ്. 19 പന്തില്‍ 13 റണ്‍സുമായി ഷദ്മാന്‍ ഇസ്‌ലാമം 17 പന്തില്‍ അഞ്ച് റണ്‍സുമായി തന്‍സിദ് ഹസനുമാണ് ക്രീസില്‍.
Content highlight: Hasan Mahmud became the first Bangladesh bowler to take five wickets in a Test match played in Australia.