| Saturday, 21st November 2026, 1:40 pm

കല്യാൺ ചൗബെയെ ബി.ജെ.പി കൈവിട്ടോ? എ.ഐ.എഫ്.എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മലയാളി വംശജൻ അർവിന്ദ് മേനോൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്‌ ആരാവും? നിലവിലെ പ്രസിഡന്റ് കല്യാൺ ചൗബെയുടെ പുനർനിയമന സാധ്യതകൾക്കിടെ ബി.ജെ.പിയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറി അർവിന്ദ് മേനോൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നതാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.

അതിനിടെ, ചൗബെയുടെ നേതൃത്വത്തിനെതിരെ മുൻ ഇന്ത്യൻ താരങ്ങൾ കേന്ദ്ര കായിക മന്ത്രിക്ക് പരാതി നൽകിയതും തെരഞ്ഞെടുപ്പിന് പ്രാധാന്യം വർധിപ്പിക്കുന്നു.

2019 മുതൽ 2022 വരെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന അർവിന്ദ് മേനോൻ നിലവിൽ ഉത്തരാഖണ്ഡ് ബി.ജെ.പിയുടെ ചുമതലക്കാരനാണ്.

അർവിന്ദ് മേനോൻ

ഉത്തർപ്രദേശ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ അദ്ദേഹം നവംബർ 20-ന് നടക്കുന്ന എ.ഐ.എഫ്.എഫ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ചു. സംസ്ഥാന ഫുട്ബോൾ അസോസിയേഷനുകളുമായി ചർച്ചകൾ നടത്തിയെന്നും ഭൂരിപക്ഷത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വാരണാസി സ്വദേശിയും മലയാളി വംശജനുമായ മേനോൻ 2024 ഡിസംബറിലാണ് ഉത്തർപ്രദേശ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.

ഗ്രാസ്റൂട്ട് ഫുട്ബോൾ വികസനം, ജൂനിയർ താരങ്ങളെ കണ്ടെത്തി വളർത്തൽ, സംസ്ഥാന അസോസിയേഷനുകൾക്ക് കൂടുതൽ പങ്കാളിത്തം എന്നിവയ്ക്കാണ് മുൻഗണന നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തവണ ബി.ജെ.പി പിന്തുണയിൽ പ്രസിഡന്റായ കല്യാൺ ചൗബെക്കെതിരെ മുൻ ഇന്ത്യൻ നായകൻ ബൈച്ചുങ് ബൂട്ടിയ ഉൾപ്പെടെ 15 മുൻ അന്താരാഷ്ട്ര താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

കല്യാൺ ചൗബെ

നവംബർ 17-ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് നൽകിയ കത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ നിലവിലെ അവസ്ഥയെ ‘ദയനീയവും അംഗീകരിക്കാനാവാത്തതും’ എന്നാണ് താരങ്ങൾ വിശേഷിപ്പിച്ചത്.

ഫിഫ റാങ്കിങ്ങിലെ ഇടിവ്, ആഭ്യന്തര ലീഗുകളുടെ അനിശ്ചിതത്വം, ക്ലബ്ബുകളുടെയും താരങ്ങളുടെയും സാമ്പത്തിക പ്രതിസന്ധി, ദേശീയ ടീമിന്റെ ഒരുക്കങ്ങൾ, ബ്രസീൽ, ഉറുഗ്വേ ടീമുകളുമായി നടന്ന സൗഹൃദ മത്സരങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

ഫെഡറേഷന്റെ അടുത്ത കാലയളവിൽ മികച്ച ഭരണപരിചയവും പ്രവർത്തനമികവുമുള്ള ഒരാളെ നേതൃത്വം ഏൽപ്പിക്കാൻ മന്ത്രാലയം ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

ബൈച്ചുങ് ബൂട്ടിയയ്ക്ക് പുറമെ റെനഡി സിങ്, ദീപക് മൊണ്ടൽ, അരിന്ദം ഭട്ടാചാര്യ, അൻവർ അലി, ആൽവീറ്റോ ഡിക്യൂന തുടങ്ങിയ മുൻ താരങ്ങൾ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ചൗബെ വീണ്ടും പ്രസിഡന്റായാൽ ഇന്ത്യൻ ഫുട്ബോളിന്റെ പുനരുജ്ജീവനത്തിന് പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും താരങ്ങൾ മുന്നറിയിപ്പ് നൽകി.

തിരിച്ചുവരവിന് പ്രഫുൽ പട്ടേലും

മുൻ എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ പേരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. 2008 മുതൽ 2022 വരെ ഫെഡറേഷനെ നയിച്ച പട്ടേൽ വീണ്ടും അധികാരത്തിലേക്ക് മടങ്ങിയെത്താൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.

പ്രഫുൽ പട്ടേൽ

എൻ.സി.പിയുടെ രാജ്യസഭാ എം.പിയായ പ്രഫുൽ പട്ടേൽ നിലവിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാണ്

2019 മുതൽ 2023 വരെ ഫിഫ കൗൺസിൽ അംഗമായിരുന്ന അദ്ദേഹം ചൗബെയുടെ ചില ഭരണപരമായ തീരുമാനങ്ങളെ പരസ്യമായി വിമർശിച്ചിട്ടുണ്ട്.

ദേശീയ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ ഫുട്ബോൾ ഫെഡറേഷന്റെ സ്ഥിരനിക്ഷേപം ഉപയോഗിക്കാനുള്ള ചൗബെയുടെ നിർദേശത്തോടുള്ള പട്ടേലിന്റെ എതിർപ്പ് ഇതിൽ പ്രധാനമായിരുന്നു.

2022-ൽ സുപ്രീം കോടതി വിധിയെ തുടർന്ന് സ്ഥാനമൊഴിഞ്ഞ പട്ടേലിന് നാല് വർഷത്തെ ഇടവേള പൂർത്തിയായതോടെ വീണ്ടും മത്സരിക്കാൻ അർഹത ലഭിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഇതുവരെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നിർണായകമാകുന്ന എസ്.ഒ.എം തെരഞ്ഞെടുപ്പ്

ഡിസംബർ 20 നാണ് എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്. പ്രസിഡന്റ് ഉൾപ്പെടെ 13 സ്ഥാനങ്ങളിലേക്കാണ് മത്സരം.

മൂന്ന് വൈസ് പ്രസിഡന്റുമാർ, ട്രഷറർ, എട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കും. എട്ട് അംഗങ്ങളിൽ നാല് പേർ സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (SOM) വിഭാഗത്തിൽ നിന്നായിരിക്കും.

എസ്.ഒ.എം വിഭാഗത്തിൽ രണ്ട് പുരുഷന്മാരെയും രണ്ട് വനിതകളെയുമാണ് തെരഞ്ഞെടുക്കുക. പുരുഷ വിഭാഗത്തിൽ മുൻ ഇന്ത്യൻ താരങ്ങളായ ജോ പോൾ അഞ്ചേരി, യു. ഷറഫലി, ബ്രൂണോ കുട്ടീഞ്ഞോ, മുഷ്താഖ് അലി എന്നിവർ രണ്ട് സ്ഥാനങ്ങൾക്കായി മത്സരിക്കുന്നു.

വനിതാ വിഭാഗത്തിൽ ഒയ്നം ബെംബെം ദേവി, ശുക്ല ദത്ത, ബെന്റ്ല ഡികോത്ത, കൽപന ദാസ്, ശ്രദ്ധാഞ്ജലി സമന്തരായ് എന്നിവരാണ് രണ്ട് സ്ഥാനങ്ങളിലേക്ക് മത്സരരംഗത്തുള്ളത്.

40 മുൻ ഇന്ത്യൻ താരങ്ങളാണ് എസ്.ഒ.എം തെരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിലുള്ളത്. 20 പുരുഷന്മാരും 20 വനിതകളും അടങ്ങുന്നതാണ് ഈ വോട്ടർ പട്ടിക.

നവംബർ 23-ന് നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നാല് പ്രതിനിധികൾക്കും ഡിസംബർ 20 ലെ എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടാകും.

സംസ്ഥാന ഫുട്ബോൾ അസോസിയേഷനുകൾക്ക് രണ്ട് വീതം വോട്ടുകളുണ്ട്. അതിനാൽ സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയും SOM പ്രതിനിധികളുടെ വോട്ടുകളും അന്തിമ തെരഞ്ഞെടുപ്പിൽ നിർണായകമാകും.

ബി.ജെ.പിയുടെ പിന്തുണ ആർക്കൊപ്പം?

ഇതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിലെ ഏറ്റവും കൗതുകകരമായ ചോദ്യം. കല്യാൺ ചൗബെയും അർവിന്ദ് മേനോനും പ്രഫുൽ പട്ടേലും ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ളവരാണ്.

അതുകൊണ്ടുതന്നെ മൂവരും ഒരേ സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ അത് കേവലം ഫുട്ബോൾ ഭരണസമിതിയിലെ മത്സരമായി മാത്രം കാണാനാവില്ല.

അർവിന്ദ് മേനോന്റെ സ്ഥാനാർഥിത്വം ചൗബെയെ ബി.ജെ.പി നേതൃത്വം കൈവിട്ടതിന്റെ സൂചനയാണോ? അതോ സംസ്ഥാന അസോസിയേഷനുകളിലെ പിന്തുണ ഉറപ്പാക്കാൻ മേനോൻ സ്വന്തം നിലയിൽ നടത്തുന്ന നീക്കമാണോ?

ഇക്കാര്യത്തിൽ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. ചൗബെയും പട്ടേലും ഇതുവരെ സ്ഥാനാർഥിത്വം ഔദ്യോഗികമായി
പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ മുൻ ഇന്ത്യൻ താരങ്ങളുടെ പരസ്യവിമർശനവും പുതിയ സ്ഥാനാർഥികളുടെ രംഗപ്രവേശവും പ്രഫുൽ പട്ടേലിന്റെ തിരിച്ചുവരവ് ചർച്ചകളും ചേരുമ്പോൾ ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഇന്ത്യൻ ഫുട്ബോളിലെ നിർണായക അധികാരപ്പോരാട്ടമായി മാറുകയാണ്.

ഇന്ത്യൻ ഫുട്ബോളിന്റെ യഥാർഥ പ്രതിസന്ധി ദേശീയ ടീമിന്റെ മോശം പ്രകടനത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഭരണപരമായ തർക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം ഒരുപോലെ വെല്ലുവിളികളാണ്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ പിന്നോട്ടുപോക്കും ആഭ്യന്തര ഫുട്ബോളിലെ അനിശ്ചിതത്വവും പുതിയ ഭരണനേതൃത്വത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

ആരാണ് ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തുക എന്നതിനേക്കാൾ പ്രധാനം ഇന്ത്യൻ ഫുട്ബോളിന് പുതിയ ദിശാബോധം നൽകാൻ ആർക്കാകും എന്നതാണ്. ഡിസംബർ 20-ലെ തെരഞ്ഞെടുപ്പ് അതിനുള്ള നിർണായക പരീക്ഷണമായിരിക്കും.

Content Highlight:Has the BJP abandoned Kalyan Chaubey? Arvind Menon, of Malayali origin, in the running for AIFF President.

Latest Stories

We use cookies to give you the best possible experience. Learn more