| Sunday, 10th August 2025, 12:06 pm

കേന്ദ്രമന്ത്രിയെ കണ്ടവരുണ്ടോ? സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെ.എസ്.യു നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി നല്‍കി കെ.എസ്.യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരാണ് ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.

ഛത്തീസ്ഗഡില്‍ വ്യാജ മനുഷ്യകടത്ത് ആരോപിച്ച് കന്യാസ്ത്രീകളുടെ അറസ്റ്റ് നടന്നതിന് ശേഷം എവിടെയും സുരേഷ് ഗോപിയെ കാണാനില്ലെന്നാണ് പരാതി. അതുമായി ബന്ധപ്പെട്ട് താന്‍ എം.പിയുടെ ഓഫീസില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ഗോകുല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

എം.പി ഓഫീസില്‍ നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ഗോകുല്‍ ആരോപിച്ചു. സുരേഷ് ഗോപി ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും കെ.എസ്.യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ പറഞ്ഞു. കേന്ദ്ര സഹമന്ത്രിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഗോകുല്‍ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം സുരേഷ് ഗോപിയെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ സമാനമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

തൃശൂരുകാര്‍ ചേര്‍ന്ന് തെരഞ്ഞെടുത്ത് ദല്‍ഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നാണ് അദ്ദേഹം കുറിച്ചത്. ‘ഞങ്ങള്‍ തൃശൂരുകാര്‍ തെരഞ്ഞെടുത്ത് ദല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ എന്നാശങ്ക,’ എന്നായിരുന്നു മെത്രാപ്പോലീത്തയുടെ പോസ്റ്റ്.

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തതിലും ഒഡീഷയില്‍ മലയാളികളായ കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിച്ച സംഭവത്തിലും പ്രതികരിക്കുന്നതില്‍ സുരേഷ് ഗോപി പൂര്‍ണമായും പരാജയപ്പെട്ടതോടെയായിരുന്നു മെത്രാപ്പോലീത്ത രംഗത്തെത്തിയത്.

Content Highlight: Has anyone seen the Union Minister? KSU leader complains that Suresh Gopi is missing

We use cookies to give you the best possible experience. Learn more