| Saturday, 29th November 2025, 3:05 pm

ആരെങ്കിലുമായി ഡീല്‍ ഉറപ്പിച്ചോ? മുനമ്പം സമരം അവസാനിപ്പിക്കുന്നതിനെതിരെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുനമ്പം: മുനമ്പത്തെ 413 ദിവസത്തെ സമരം അവസാനിപ്പിക്കാനൊരുങ്ങുന്ന വിഴിഞ്ഞം ഭൂസംരക്ഷണ സമരസമിതിക്കെതിരെ ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്. സമരസമിതി മുനമ്പം സമരം ഹൈജാക്ക് ചെയ്‌തെന്ന ആരോപണമാണ് ഷോണ്‍ ഉയര്‍ത്തിയിരിക്കുന്നത്.

സമ്പൂര്‍ണ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കപ്പെടുന്നതു വരെ സമരം തുടരുമെന്ന് കഴിഞ്ഞയാഴ്ച വരെ പറഞ്ഞിരുന്ന ഭൂസംരക്ഷണ സമിതി, കരം അടയ്ക്കാന്‍ ഇടക്കാല ഉത്തരവ് വന്നതോടെ സമരം നിറുത്തുന്നതിലെ യുക്തി എന്താണെന്ന് ഷോണ്‍ ജോര്‍ജ് വിമര്‍ശിച്ചു.

ഡിസംബര്‍ 17ന് ഹൈക്കോടതിയില്‍ നടക്കുന്ന വിശദമായ വാദവും അതിനെത്തുടര്‍ന്നുള്ള വിധിയും വരെ സമരം തുടരാന്‍ സമരസമിതി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടതിയില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ നികുതിയടക്കാനുള്ള അവകാശം മാത്രം നല്‍കാമെന്ന നിലപാടാണ് സ്വീകരിച്ചത്? ഇതിനെ ഭൂസംരക്ഷണ സമിതി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? കരം അടയ്ക്കലാണ് ‘സമ്പൂര്‍ണ റവന്യൂ അവകാശം’ എന്നാണോ സമിതിയുടെ വിചാരമെന്നും ഷോണ്‍ ചോദിക്കുന്നു.

മുനമ്പംകാരുടേത് പോക്കുവരവ് നടത്തിയ ഭൂമിയല്ല എന്ന പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ ആര്‍ക്കാണ് ഇത്ര താത്പര്യമെന്നും നിയമാനുസൃതമല്ലാത്തതും പോക്കുവരവ് നടത്തിയിട്ടില്ലാത്തതുമായ ഭൂമി വെളുപ്പിച്ചെടുക്കാന്‍ ഭൂസംരക്ഷണ സമിതിയില്‍ ആരെങ്കിലും ശ്രമിക്കുകയാണോ? ആരെങ്കിലും മറ്റെന്തെങ്കിലും ഡീല്‍ ഉറപ്പിച്ചോയെന്നും ഇത്ര എളുപ്പത്തില്‍ ഹൈജാക്ക് ചെയ്യപ്പെടാവുന്ന ഒരു സമരമായിരുന്നോ മുനമ്പംകാരുടേതെന്നും ഷോണ്‍ ഫേസ്ബുക്കിലൂടെ ചോദ്യം ചെയ്തു.

റവന്യൂ അവകാശങ്ങള്‍ തിരികെ ലഭിക്കും വരെ യഥാര്‍ത്ഥ മുനമ്പം ജനതയുടെ പോരാട്ടങ്ങള്‍ക്ക് ബി.ജെ.പി ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ്:

മുനമ്പം, കരമടയ്ക്കാനായിരുന്നോ ഈ സമരകോലാഹലമെല്ലാം?
1. സമ്പൂര്‍ണ റവന്യൂ അവകാശങ്ങള്‍ പുന:സ്ഥാപിക്കപ്പെടുന്നതു വരെ സമരം തുടരും എന്ന് കഴിഞ്ഞയാഴ്ച വരെ പറഞ്ഞിരുന്ന ഭൂസംരക്ഷണ സമിതി, കരം അടയ്ക്കാന്‍ ഇടക്കാല ഉത്തരവ് വന്നതോടെ സമരം നിറുത്തുന്നതിലെ യുക്തി എന്താണ്?
2. എന്തുകൊണ്ട് ഡിസംബര്‍ 17ന് ഹൈക്കോടതിയില്‍ നടക്കുന്ന വിശദമായ വാദവും അതിനെത്തുടര്‍ന്നുള്ള വിധിയും വരെ സമരം തുടരാന്‍ ഭൂസംരക്ഷണ സമിതി തയ്യാറാകുന്നില്ല?
3. കരം അടയ്ക്കലാണ് ‘സമ്പൂര്‍ണ റവന്യൂ അവകാശം’ എന്നാണോ സമിതിയുടെ വിചാരം?
4. കൊച്ചി തഹസില്‍ദാര്‍ ശ്രീ. വി.വി. ജയേഷ് 28.10.2025ല്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍, റവന്യൂ വകുപ്പ് കരം സ്വീകരിക്കുന്നതും റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതും നീതിയുക്തമായിരിക്കും എന്ന് കൃത്യമായി എഴുതിയിട്ടുണ്ടെങ്കിലും, 36063/2022 എന്ന കേസ്സില്‍ 29.10.2025ന് സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ നികുതിയടക്കാനുള്ള അവകാശം മാത്രം നല്‍കാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്! ഇതു ചോദ്യം ചെയ്യാന്‍ ഭൂസംരക്ഷണ സമിതി തയ്യാറാകാത്തത് എന്തുകൊണ്ട്?
5. കരം അടയ്ക്കാം എന്ന ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോക്കുവരവ് നടത്താന്‍ കഴിയുന്നത് എങ്ങനെ?
6. പോക്കുവരവ് നടത്തുന്നതെല്ലാം ഓണ്‍ലൈനായിക്കഴിഞ്ഞ ഇക്കാലത്ത് അക്കാര്യത്തിനായി ഡെസ്‌ക് ഇടേണ്ട കാര്യമെന്ത്?
7. മുനമ്പംകാരുടേത് പോക്കുവരവ് നടത്തിയ ഭൂമിയല്ല എന്ന പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ ആര്‍ക്കാണ് ഇത്ര താല്പര്യം?
8. അതോ, നിയമാനുസൃതമല്ലാത്തതും പോക്കുവരവ് നടത്തിയിട്ടില്ലാത്തതുമായ ഭൂമി വെളുപ്പിച്ചെടുക്കാന്‍ ഭൂസംരക്ഷണ സമിതിയില്‍ ആരെങ്കിലും ശ്രമിക്കുകയാണോ?
9. ഒപ്പം, ആരെങ്കിലും മറ്റെന്തെങ്കിലും ഡീല്‍ ഉറപ്പിച്ചോ?
ഇത്ര എളുപ്പത്തില്‍ ഹൈജാക്കു ചെയ്യപ്പെടാവുന്ന ഒരു സമരമായിരുന്നോ മുനമ്പംകാരുടേത്!
ചില വ്യക്തികളെ വിലക്കെടുക്കാന്‍ കഴിയുമായിരിക്കും പക്ഷെ..റവന്യൂ അവകാശങ്ങള്‍ തിരികെ ലഭിക്കും വരെ യഥാര്‍ത്ഥ മുനമ്പം ജനതയുടെ പോരാട്ടങ്ങള്‍ക്ക് ബി.ജെ.പി ഒപ്പം ഉണ്ടാവും.

അതേസമയം, മുനമ്പത്തെ ഭൂമി തര്‍ക്കത്തില്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് കരം അടയ്ക്കാമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സമരത്തിന് താത്കാലികമായി വിരാമമിടാന്‍ സമര സമിതി തീരുമാനിച്ചത്. ഇതുസംബന്ധിച്ച അറിയിപ്പ് ഞായറാഴ്ചയുണ്ടാകും.

മന്ത്രി പി. രാജീവ് ഉള്‍പ്പെടെയുള്ള വിവിധ മുന്നണികളിലെ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് സമരസമിതിയുടെ നീക്കം.

2024 ഒക്ടോബര്‍ 13നാണ് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

Content Highlight: Has a deal been sealed with anyone? BJP opposes ending Munambam protest

We use cookies to give you the best possible experience. Learn more