ചണ്ഡീഗഡ്: ഹരിയാനയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ജഗ്ബീര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ഹിസാര്‍ ജില്ലയിലെ ഖട്ടാര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
മുടി വെട്ടിവരാന്‍ പറഞ്ഞതിലുള്ള വിരോധമാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റ ഉടന്‍ തന്നെ പ്രിന്‍സിപ്പാള്‍ കൊല്ലപ്പെടുകയായിരുന്നു. രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
മാരകമായ പരിക്കുകളാണ് പ്രിൻസിപ്പാളിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഹിസാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ പ്രിൻസിപ്പാൾ മരണപ്പെട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
‘മുറിച്ച മുടിയുമായി സ്‌കൂളില്‍ വരാനും അച്ചടക്കം പാലിക്കാനും പറഞ്ഞതിന്റെ ദേഷ്യത്തിലാണ് രണ്ട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ കുത്തിക്കൊന്നത്,’ ഹാന്‍സി പൊലീസ് സൂപ്രണ്ട് അമിത് യശ്വര്‍ധന്‍ പറഞ്ഞു.
ആക്രമണത്തില്‍ അന്വേഷണം ആരംഭിച്ചതായും അമിത് യശ്വര്‍ധന്‍ പറഞ്ഞു. മടക്കാവുന്ന കത്തി ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആയുധം കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
Content Highlight: Students stab principal to death in Haryana