| Saturday, 11th April 2026, 7:33 pm

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഹരിയാനയില്‍ ഓട്ടോ ഫാക്ടറി തൊഴിലാളികളുടെ വേതനത്തില്‍ 35% വര്‍ധനവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

ആദർശ് എം.കെ.

മനേസര്‍: ഇറാനില്‍ ഇസ്രഈലും അമേരിക്കയും നടത്തിയ സംയുക്ത യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള സാഹചര്യങ്ങളും വിലക്കയറ്റവും മൂലം ദുരിതത്തിലായ ഹരിയാനയിലെ ഓട്ടോമൊബൈല്‍ ഫാക്ടറി തൊഴിലാളികളുടെ മിനിമം വേതനത്തില്‍ 35 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍.

തൊഴിലാളികള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കും തൊഴില്‍ ബഹിഷ്‌കരണത്തിനും പിന്നാലെയാണ് തീരുമാനം.

അവിദഗ്ധ തൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം ഏകദേശം 120 ഡോളറില്‍ നിന്ന് 165 ഡോളറായി (ഏകദേശം 13,800 രൂപ) ഉയര്‍ത്തി. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഈ വര്‍ധനവ് നടപ്പിലാക്കുന്നത്.

പ്രതിഷേധങ്ങള്‍ക്കിടെ മനേസറില്‍ പൊലീസും തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെയാണ് വേതന വര്‍ധനവ് പ്രഖ്യാപിച്ചുപകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗ്യാസ് വിതരണത്തിലെ തടസ്സവും ഭക്ഷണസാധനങ്ങളുടെ അമിത വിലയും കാരണം തൊഴിലാളികള്‍ വലിയ ബുദ്ധിമുട്ടിലായിരുന്നു.

മാരുതി സുസുക്കി, ഹോണ്ട, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ വമ്പന്‍ കമ്പനികളും നൂറുകണക്കിന് അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മനേസറില്‍ ഈ വേതന വര്‍ധനവ് വാഹന നിര്‍മാണ മേഖലയ്ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും.

നിര്‍മാണത്തിന്റെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന് പുറമെ തൊഴിലാളികളുടെ വേതനവും വര്‍ധിക്കുന്നത് വരും ദിവസങ്ങളില്‍ വാഹനങ്ങളുടെ വില കൂടാന്‍ കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ ഇതിനകം തന്നെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. മാരുതിയും സമാനമായ നീക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വേതന വര്‍ധനവ് പ്രഖ്യാപിച്ചതോടെ തൊഴിലാളികള്‍ പ്രതിഷേധങ്ങളവസാനിപ്പിച്ച് സമാധാനപരമായി ജോലിയില്‍ തിരിച്ചെത്തണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

പ്രതിഷേധങ്ങള്‍ ഉത്പാദനത്തെ ഭാഗികമായി ബാധിച്ചിരുന്നെങ്കിലും നിലവില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതായി വിവിധ കമ്പനികള്‍ അറിയിച്ചു. എങ്കിലും, വിതരണ ശൃംഖലകള്‍ പഴയ നിലയിലാകാന്‍ ആഴ്ചകള്‍ എടുത്തേക്കുമെന്ന് വ്യവസായ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlight: Haryana government announces 35% hike in wages of auto factory workers after protests

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more