| Thursday, 11th June 2026, 11:17 am

സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുത്തു; അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്

നിഷാന. വി.വി

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജന്ദര്‍മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് ഹരിയാന സര്‍ക്കാര്‍. റോഹ്തക്ക് സര്‍ക്കാര്‍ സ്‌കൂളിലെ ഗസ്റ്റ് അധ്യാപികയായ സുലേഖ ദലാലിനെയാണ് ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.

ജൂണ്‍ പത്തിനാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ജൂണ്‍ എട്ട് മുതല്‍ സസ്‌പെന്‍ഷന്‍ എന്നാണ് നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അനുമതി വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്ന് പോയതെന്നാണ് ഉത്തരവില്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടിയുടെ കാരണം ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.

ജൂണ്‍ ആറിന് നടന്ന സി.ജെ.പിയുടെ പ്രതിഷേധത്തില്‍ സുലൈഖ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

‘ഇത് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന പോരാട്ടമാണ്, ഇപ്പോഴിതാ പാറ്റയുടെ അമ്മ തെരുവിലിറങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളുടെ കൂടെയുണ്ട്. ഒരമ്മയെന്നാല്‍ രാജ്യത്തിന്റെ മുഴുവന്‍ അമ്മയുമെന്നാണ്,’ ഇതായിരുന്നു അധ്യാപികയുടെ പ്രസംഗം.

എന്നാല്‍ മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഒരു മകന്റെ അമ്മ എന്ന നിലയിലാണ് താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് അവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സി.ജെ.പി പ്രതിഷേധം നടത്തിയത്. നിരവധിയാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

Content Highlight: Haryana Education Department suspends teacher for participating in CJP protest

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more