| Friday, 13th March 2026, 9:17 pm

സീസണ്‍ തുടങ്ങുന്നതിന് മുമ്പേ കൊല്‍ക്കത്തയ്ക്ക് തിരിച്ചടി; ഒപ്പം സന്തോഷ വാര്‍ത്തയും!

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് (കെ.കെ.ആര്‍) തിരിച്ചടി. ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2026 ടി – 20 ലോകകപ്പിന് മുമ്പ് പറ്റിയ പരിക്കാണ് താരത്തിന് വിനയായതെന്നാണ് വിവരം.

സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് സന്നാഹ മത്സരത്തിനിടെയാണ് റാണയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ ഒരു ഓവര്‍ എറിഞ്ഞിരുന്നുവെങ്കിലും താരം പിന്നീട് വേദന കാരണം ഫീല്‍ഡ് വിട്ടിരുന്നു. പിന്നാലെ ഫാസ്റ്റ് ബൗളര്‍ ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്തിരുന്നു.

ഹര്‍ഷിത് റാണ. Photo: Johns/x.com

അതില്‍ നിന്നും റാണ ഇതുവരെ മുക്തമായിട്ടില്ലെന്നും ഇനിയും വിശ്രമം ആവശ്യമാണെന്നുമാണ് സൂചന. ഇതാണ് താരത്തിന് ഐ.പി.എല്‍ നഷ്ടമാകാന്‍ കാരണം. ഇതുവരെ ഇക്കാര്യത്തില്‍ കെ.കെ.ആര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2024ല്‍ കെ.കെ.ആറിന്റെ കിരീടനേട്ടത്തില്‍ റാണ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ആ സീസണില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ 13 വിക്കറ്റുകളും താരം നേടിയിരുന്നു. അതിനാല്‍ തന്നെ താരത്തിന്റെ നഷ്ടം ടീമിന് വലിയ തിരിച്ചടിയാണ്.

റാണ പുറത്തായെങ്കിലും കെ.കെ. ആര്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നൊരു വാര്‍ത്ത കൂടിയുണ്ട്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം കാരണം ടീമില്‍ നിന്ന് ഒഴിവാക്കിയ മുസ്തഫിസുര്‍ റഹ്‌മാന് പകരക്കാരനെ പ്രഖ്യാപിച്ചു.

ബ്ലെസിങ് മുസരബാനി. Photo: ICC/x.com

സിംബാബ്‌വേ ബൗളര്‍ ബ്ലെസിങ് മുസരബാനിയെയാണ് കൊല്‍ക്കത്ത ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പി.എസ്.എല്ലിലെ ഇസ്ലാമബാദ് യുണൈറ്റഡുമായുള്ള കരാര്‍ ഒഴിവാക്കിയാണ് താരം കൊല്‍ക്കത്തക്കൊപ്പം ചേരുന്നതെന്നാണ് വിവരം.

അതേസമയം, മുസരബാനി ടി – 20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് താരം 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനവുമായാണ് താരം ലോകകപ്പ് അവസാനിപ്പിച്ചത്. ഈ പ്രകടനം ഐ.പി.എല്ലിലും ബൗളര്‍ക്ക് നടത്താനായാല്‍ കൊല്‍ക്കത്തയ്ക്ക് മുതല്‍ക്കൂട്ടാകും.

Content Highlight: Harshit Rana ruled out of IPL 2026; Kolkata Knight Riders signed Blessing Muzarabani as replacement for Mustafizur Rahman

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more