| Friday, 22nd August 2025, 11:43 am

ബുംറയൊക്കെ മാറി നില്‍ക്കട്ടെ, ഇവന്‍ എന്റെ ഒന്നാം നമ്പറുകാരന്‍: ബൗളിങ് റാങ്കിങ്ങുമായി ഹര്‍ഷിത് റാണ

സ്പോര്‍ട്സ് ഡെസ്‌ക്

സെപ്റ്റംബറില്‍ തുടങ്ങുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ടീം വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഏവരെയും ഞെട്ടിച്ച തെരഞ്ഞെടുപ്പായിരുന്നു കൊല്‍ക്കത്തന്‍ പേസര്‍ ഹര്‍ഷിത് റാണയുടേത്. ഇപ്പോള്‍ താരം ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ബൗളര്‍മാരെ റാങ്ക് ചെയ്ത് ആരാധകരെ അമ്പരപ്പിക്കുകയാണ്.

റാണ ഒന്നാം നമ്പര്‍ ബൗളറായി തെരഞ്ഞെടുത്തത് ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയാണ്. ലോക ഒന്നാം നമ്പര്‍ ബൗളറായ ജസ്പ്രീത് ബുംറയെ രണ്ടാമതാക്കിയാണ് താരം ഈ തെരഞ്ഞെടുപ്പ് നടത്തിയത്. ദല്‍ഹി പ്രീമിയര്‍ ലീഗ് ടി -20 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരങ്ങളെ റാങ്ക് ചെയ്തത്.

‘കുല്‍ദീപ്, ബ്രദര്‍ എനിക്ക് ഇതിന് എന്തെങ്കിലും ഒന്ന് തരണം. ഞാന്‍ നിങ്ങളെ ഒന്നാം നമ്പറുകാരനാക്കിയിട്ടുണ്ട്,’ എന്ന് റാണ വീഡിയോയില്‍ തമാശയായി പറയുന്നുണ്ട്.

ഹര്‍ഷിത് റാണയുടെ ബൗളിങ് റാങ്കിങ്:

1.കുല്‍ദീപ് യാദവ്
2. ജസ്പ്രീത് ബുംറ,
3. അര്‍ഷ്ദീപ് സിങ്
4. അക്സര്‍ പട്ടേല്‍
5.പ്രസിദ്ധ് കൃഷ്ണ
6. വരുണ്‍ ചക്രവര്‍ത്തി

അതേസമയം, പ്രസിദ്ധ് കൃഷ്ണയെയും മുഹമ്മദ് സിറാജിനെയും മറികടന്നാണ് ഹര്‍ഷിത് റാണ ടീമില്‍ ഇടം പിടിച്ചത്. ഇതില്‍ വലിയ വിമര്‍ശനമാണ് മുന്‍ താരങ്ങളടക്കം ഉന്നയിച്ചത്. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന് താരത്തിനോടുള്ള പ്രത്യേക താത്പര്യം കാരണമാണ് റാണ ടീമിലെത്തിയതെന്ന് മുന്‍ സെലക്ടര്‍ വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ഐ.പി.എല്‍ സീസണിലെ താരത്തിന്റെ മോശം പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എല്ലാ വിമര്‍ശനങ്ങളും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ റാണ കഴിഞ്ഞ സീസണില്‍ 15 വിക്കറ്റുകള്‍ നേടിയിരുന്നെങ്കിലും ഇക്കോണമി പത്തിന് മുകളിലായിരുന്നു. എന്നാല്‍, 18ാം സീസണില്‍ പര്‍പ്പിള്‍ ക്യാപ്പ് നേടിയ പ്രസിദ്ധ് കൃഷ്ണയെ മറികടന്ന് താരം ടീമില്‍ ഇടം പിടിക്കുകയായിരുന്നു.

Content Highlight: Harshit Rana ranks Kuldeep Yadav as number 1 bowler ahead of Jasprit Bumrah

We use cookies to give you the best possible experience. Learn more