| Monday, 19th January 2026, 9:15 am

സച്ചിനും യുവരാജും അടങ്ങുന്ന അതിഗംഭീര ലിസ്റ്റിലേക്ക് ഹര്‍ഷിത്തും; വെറുപ്പില്‍ നിന്നും സ്‌നേഹത്തിലേക്കുള്ള വഴിയോ?

ആദര്‍ശ് എം.കെ.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര സ്വന്തമാക്കി കിവികള്‍ ചരിത്രമെഴുതിയിരുന്നു. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന സീരീസ് ഡിസൈഡറില്‍ 41 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ബ്ലാക് ക്യാപ്‌സ് ഇന്ത്യന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ക്ക് 296 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറികള്‍ നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഹര്‍ഷിത് റാണയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്നത്.

വിരാട് 108 പന്തില്‍ 124 റണ്‍സടിച്ചപ്പോള്‍ റെഡ്ഡി 57 പന്തില്‍ 53 റണ്‍സും റാണ 43 പന്തില്‍ 52 റണ്‍സും നേടിയാണ് മടങ്ങിയത്.

ഈ മത്സരത്തില്‍ ഹര്‍ഷിത് റാണ ഒരു മികച്ച നേട്ടവും സ്വന്തമാക്കി. ഒരു ഏകദിന ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലാണ് താരം ഇടം നേടിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവരാജ് സിങ് എന്നിവരടക്കമുള്ള ഇതിഹാസങ്ങള്‍ അണിനിരക്കുന്ന റെക്കോഡിലാണ് റാണയും ഇടം നേടിയത്.

നേരത്തെ പന്തെറിഞ്ഞ് അടിവാങ്ങിക്കൂട്ടിയെങ്കിലും ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, ക്രിസ് ക്ലാര്‍ക് എന്നിവരുടെ വിക്കറ്റുകള്‍ റാണ സ്വന്തമാക്കിയിരുന്നു. പത്ത് ഓവറില്‍ 84 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റെടുത്തത്.

ഹര്‍ഷിത് റാണ. Photo: BCCI/x.com

ഒരു ഏകദിന ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങള്‍

  • 1985 – രവി ശാസ്ത്രി (53 & 3/31 vs ന്യൂസിലാന്‍ഡ്)
  • 1987 – രവി ശാസ്ത്രി (50 & 3/37 vs പാകിസ്ഥാന്‍)
  • 1987 – മുഹമ്മദ് അസറുദ്ദീന്‍ (54* & 3/19 vs ഓസ്ട്രേലിയ)
  • 1988 – ക്രിസ് ശ്രീകാന്ത് (70 & 5/27 vs ന്യൂസിലാന്‍ഡ്)
  • 1997 – റോബിന്‍ സിങ് (100 & 3/20 vs ശ്രീലങ്ക)
  • 1998 – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (95 & 3/45 vs പാകിസ്ഥാന്‍)
  • 1998 – സൗരവ് ഗാംഗുലി (54* & 3/33 vs പാകിസ്ഥാന്‍)
  • 1998 – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (141 & 4/38 vs ഓസ്ട്രേലിയ)
  • 1999 – സൗരവ് ഗാംഗുലി (130* & 4/21 vs ശ്രീലങ്ക)
  • 2000 – സൗരവ് ഗാംഗുലി (71* & 5/34 vs സിംബാബ്‌വേ)
  • 2000 – അജിത് അഗാര്‍ക്കര്‍ (67* & 3/26 vs സിംബാബ്‌വേ)
  • 2001 – വിരേന്ദര്‍ സെവാഗ് (58 & 3/59 vs ഓസ്ട്രേലിയ)
  • 2002 – യുവരാജ് സിങ് (64* & 3/39 vs ഇംഗ്ലണ്ട്)
  • 2002 – വിരേന്ദര്‍ സെവാഗ് (59 & 3/26 vs ദക്ഷിണാഫ്രിക്ക)
  • 2004 – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (82* & 3/35 vs ബംഗ്ലാദേശ്)
  • 2004 – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (78 & 3/28 vs പാകിസ്ഥാന്‍)
  • 2004 – വിരേന്ദര്‍ സെവാഗ് (81 & 3/37 vs ശ്രീലങ്ക)
  • 2005 – ഇര്‍ഫാന്‍ പത്താന്‍ (50 & 3/34 vs ന്യൂസിലാന്‍ഡ്)
  • 2005 – വിരേന്ദര്‍ സെവാഗ് (75 & 3/44 vs ന്യൂസിലാന്‍ഡ്)
  • 2008 – യുവരാജ് സിങ് (118 & 4/28 vs ഇംഗ്ലണ്ട്)
  • 2010 – യൂസഫ് പത്താന്‍ (123* & 3/49 vs ന്യൂസിലാന്‍ഡ്)
  • 2011 – യുവരാജ് സിങ് (50* & 5/31 vs അയര്‍ലന്‍ഡ്)
  • 2017 – ഹര്‍ദിക് പാണ്ഡ്യ (56 & 3/49 vs ഇംഗ്ലണ്ട്)
  • 2022 – ഹര്‍ദിക് പാണ്ഡ്യ (71 & 4/24 vs ഇംഗ്ലണ്ട്)
  • 2026 – ഹര്‍ഷിത് റാണ (52 & 3/84 vs ന്യൂസിലാന്‍ഡ്)*

തുടര്‍ച്ചയായി ക്രിക്കറ്റ് ബോര്‍ഡും കോച്ച് ഗൗതം ഗംഭീറും ഫേവര്‍ ചെയ്യുന്നതിനാല്‍ ആരാധകര്‍ക്ക് ചെറുതല്ലാത്ത വിരോധവും എതിര്‍പ്പും ഹര്‍ഷിത് റാണയ്‌ക്കെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ആ എതിര്‍പ്പുകളെല്ലാം തന്നെ കഴിഞ്ഞ ദിവസം സ്‌നേഹത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. തുടര്‍ന്നും മികച്ച പ്രകടനങ്ങള്‍ താരം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഏകദിന പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലും ഹര്‍ഷിത് റാണ ഭാഗമാണ്. ശേഷം നടക്കുന്ന ടി-20 ലോകകപ്പിലും സൂപ്പര്‍ പേസര്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങും. ഈ മത്സരങ്ങളിലും താരത്തിന് തിളങ്ങാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വിസിക്കുന്നത്.

Content Highlight: Harshit Rana joins the elite list of Indian players with half century and 3 wickets in an ODI innings

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more