സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബീഹാര്‍ ടീമിന്റെ ക്യാപ്റ്റനായി വൈഭവ് സൂര്യവംശിയെ പ്രഖ്യാപിച്ചതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്ററും അനലിസ്റ്റുമായ ഹര്‍ഷാ ഭോഗ്ലെ പ്രതികരിച്ചിരുന്നു. 16 വയസുള്ള ഒരു താരത്തെ ടീമിന്റെ ക്യാപ്റ്റനാക്കുന്നത് നല്ല തീരുമാനമാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഭോഗ്ലെ പറഞ്ഞു. ഈ പ്രായത്തില്‍ വൈഭവിന് മേലുള്ള അധിക സമ്മര്‍ദം ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
’16 വയസുള്ള ഒരു താരത്തെ സംസ്ഥാന ടീമിന്റെ ക്യാപ്റ്റനാക്കുന്നത് ഏറ്റവും നല്ല തീരുമാനമാണെന്ന് എനിക്ക് തോന്നുന്നില്ല. സാഹചര്യങ്ങള്‍ മനസിലാക്കാനും തീരുമാനങ്ങളെടുക്കാനും അവന്‍ പഠിക്കേണ്ടതുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഈ പ്രായത്തില്‍ നാം അവനുമേല്‍ അധികമായി അടിച്ചേല്‍പ്പിക്കുന്ന ശ്രദ്ധയും സമ്മര്‍ദവും ഒഴിവാക്കി, കൂടുതല്‍ മെച്ചപ്പെട്ട താരമായി വളരുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവനെ അനുവദിക്കുന്നതാണ് നല്ലത്,’ ഭോഗ്ലെ എക്‌സില്‍ കുറിച്ചു.
ഇതാദ്യമായാണ് ബിഹാറിന്റെ സീനിയര്‍ ടീമിനെ സൂര്യവംശി നയിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന യുവതാരത്തിന് അര്‍ഹിച്ച അംഗീകാരം എന്നോണമാണ് ബി.സി.എ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയിരിക്കുന്നത്.
നവംബര്‍ 14ന് തുടങ്ങുന്ന ടി-20 ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള 17 അംഗ ടീമിനെ ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. സൂരജ് കശ്യപാണ് ബീഹാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സൗരാഷ്ട്രയ്‌ക്കെതിരെയാണ് ബീഹാറിന്റെ ആദ്യ മത്സരം.
പുതിയ ഉത്തരവാദിത്വങ്ങള്‍ മികച്ച രീതിയില്‍ സൂര്യവംശിക്ക് ഏറ്റെടുക്കാന്‍ കഴിയുമെന്ന കണക്ക്കൂട്ടലിലാണ് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍.
ചെറിയപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും അത് നിര്‍വഹിക്കാനുമുള്ള കഴിവ് സൂര്യവംശിയില്‍ ഉണ്ടെന്ന് ബി.സി.എ പ്രസിഡന്റ് ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
അതേസമയം ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ച വൈഭവ് നാല് റണ്‍സിന് പുറത്തായെങ്കിലും മൂന്നാം മത്സരത്തില്‍ 45 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. സൂപ്പര്‍ താരം അഭിഷേക് ശര്‍മയ്‌ക്കൊപ്പം 113 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് ഉള്‍പ്പെടെ ഓപ്പണിങ് പൊസിഷനില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
Content Highlight: Harsha Bhogle Talks About Vaibhav Sooryavanshi