മലയാളി താരം സഞ്ജു സാംസണിനെ സിംബാബ്‌വേക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയിരുന്നു. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ ഇലവനില്‍ നിന്നും സഞ്ജുവിനെ മാറ്റിയത് ഏറെ അമ്പരപ്പിക്കുന്ന തീരുമാനമായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിന് വിശ്രമമാണ് നല്‍കിയതെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ക്രിക്കറ്റ് കമന്റേറ്ററും അനലിസ്റ്റുമായ ഹര്‍ഷ ഭോഗ്ലെ നടത്തിയത്. സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ താണെന്നും അതിനെ വിശ്രമമെന്ന് പറഞ്ഞ് വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തോടും അതിനെ ‘വിശ്രമം’ എന്ന പേരില്‍ അവതരിപ്പിക്കുന്ന രീതിയോടും എനിക്ക് യോജിപ്പില്ല. ‘വിശ്രമം’ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കാന്‍ എനിക്ക് കഴിയും. സത്യത്തില്‍ നിന്ന് സുഗമായി ഒളിച്ചോടാനുള്ള വഴിയാണ് പലപ്പോഴും ‘വിശ്രമം’ എന്ന വാക്ക്. അഭിഷേക് ശര്‍മയായാലും, ഇഷാന്‍ കിഷനായാലും, ഈ സാഹചര്യത്തില്‍ സഞ്ജു സാംസണായാലും താന്‍ ഇതേ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജു സാംസൺ
ഒരു താരത്തിന് വിശ്രമം നല്‍കിയെന്ന് പറയുമ്പോള്‍, ആദ്യം ചോദിക്കേണ്ടത് ആ താരം ശരിക്കും വിശ്രമം ആഗ്രഹിച്ചിരുന്നോ എന്നതാണ്. അത് അദ്ദേഹത്തില്‍ അനിശ്ചിതത്വമോ ആശങ്കയോ സൃഷ്ടിക്കുന്നുണ്ടോ എന്നും ചിന്തിക്കണം. അഭിഷേക് ശര്‍മയായാലും, ഇഷാന്‍ കിഷനായാലും, ഈ സാഹചര്യത്തില്‍ സഞ്ജു സാംസണായാലും ഞാന്‍ ഇതേ നിലപാടായിരിക്കും സ്വീകരിക്കുക. ചിലപ്പോള്‍ ‘മറ്റു താരങ്ങളെ പരീക്ഷിച്ച് നോക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ എന്ന വാദം കേള്‍ക്കാറുണ്ട്,’ ഹര്‍ഷ ഭോഗ്ലെ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് 2026ലെ ടി-20 ലോകകപ്പ് നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് സഞ്ജു സാംസണ്‍. അയര്‍ലാന്‍ഡ് പരമ്പരയില്‍ താരത്തിന് മികവ് പുലര്‍ത്താന്‍ സാധിക്കതെ വന്നതും ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് മത്സരത്തില്‍ റണ്‍സ് നേടാന്‍ സാധിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് താരത്തെ വളരെ പെട്ടന്ന് പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്താക്കിയത്. സഞ്ജുവിന് സ്ഥിരതയില്ലെന്നായിരുന്നു ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്.
അതേസമയം ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
സഞ്ജു സാംസണിന് പകരം ഇലവനില്‍ ഇടം നേടിയ ഓപ്പണര്‍ വൈഭവ് സൂര്യവംശിയും ഇഷാന്‍ കിഷനുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. വൈഭവ് അഞ്ച് പന്തില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 13 റണ്‍സ് നേടിയപ്പോള്‍ കിഷന്‍ ഒമ്പത് പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് 13 റണ്‍സ് നേടിയത്. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.
Content Highlight: Harsha Bhogle Talking About Sanju Samson And Criticize BCCI