| Monday, 19th January 2026, 10:06 am

'ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പിഴവുകളില്‍ ഒന്ന്'; വിവാദങ്ങളില്‍ പ്രതികരിച്ച് ഹര്‍ഷ ഭോഗ്ലെ

ശ്രീരാഗ് പാറക്കല്‍

ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മന്‍ ഗില്‍ പരാജയപ്പെട്ടെന്ന് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ. ‘എനിക്ക് എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ചോ അതോ ഒരാളെക്കുറിച്ച് ഒരു അഭിപ്രായം പറയാനോ ഉണ്ടെങ്കില്‍, എന്റെ സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലോ ഒരു പൊതു പരിപാടിയിലെ ഞാന്‍ അത് പറയും. എന്റെ പേരില്‍ ആരോപിക്കപ്പെടുന്ന മറ്റെന്തെങ്കിലും കാര്യങ്ങള്‍ ദയവായി അവഗണിക്കുക,’ എന്നാണ് ഭോഗ്ലെ പറഞ്ഞത്. തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

ന്യൂസിലാന്‍ഡിനെതിരായ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗില്‍ പരാജയപ്പെട്ടെന്നും ഗില്ലിനെ ക്യാപ്റ്റനാക്കിയ ബി.സി.സി.ഐയുടെ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പിഴവുകളില്‍ ഒന്നായി മാറിയേക്കാമെന്ന് പറയുന്ന വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭോഗ്ലെ പ്രതികരിച്ചത്.

‘ശുഭ്മന്‍ ഗില്‍ ക്യാപ്റ്റനെന്ന നിലയില്‍ പൂര്‍ണമായും പരാജയപ്പെട്ടതായി തോന്നുന്നു. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് വ്യക്തതയില്ല, ഫീല്‍ഡ് പ്ലേസ്മെന്റുകള്‍ സംശയാസ്പദമാണ്, കൂടാതെ അദ്ദേഹത്തിന്റെ കീഴില്‍ ടീം ദിശാബോധമില്ലാത്തതായി തോന്നുന്നു. അദ്ദേഹത്തെ ക്യാപ്റ്റനാക്കാനുള്ള ബി.സി.സി.ഐയുടെ തീരുമാനം സമീപകാല ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പിഴവുകളില്‍ ഒന്നായി മാറിയേക്കാം,’ എന്നാണ് എക്‌സ് അക്കൗണ്ടായ ക്രിക്‌സച്ചിന്‍ എന്ന എക്‌സ് പേജ് പങ്കുവെച്ചത്. പതിനഞ്ചായിരത്തിലധകം കാഴ്ചക്കാരും ഈ പോസ്റ്റിന് ഉണ്ടായിരുന്നു.

അതേ സമയം മത്സരത്തില്‍ 18 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 23 റണ്‍സാണ് ഗില്‍ നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് 71 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 53 പന്തില്‍ 56 റണ്‍സ് നേടിയാണ് ഗില്‍ മികവ് പുലര്‍ത്തിയത്.

അതേസമയം ചരിത്രത്തിലാദ്യമായാണ് ന്യൂസിലാന്‍ഡ് ഒരു ഏകദിന പരമ്പര ഇന്ത്യന്‍ മണ്ണില്‍ സ്വന്തമാക്കുന്നത്. മത്സരത്തില്‍ 41 റണ്‍സിനാണ് സന്ദര്‍ശകരുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ 338 റണ്‍സിന്റെ വിജലക്ഷ്യം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസിനായി ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്സും സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മിച്ചല്‍ 131 പന്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഫിലിപ്സ് 88 പന്തില്‍ 106 റണ്‍സും അടിച്ചെടുത്തു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. 108 പന്തില്‍ 124 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മത്സരത്തില്‍ വിരാടിന് പുറമെ ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 53 റണ്‍സും ഹര്‍ഷിത് റാണ 52 റണ്‍സും സ്വന്തമാക്കി. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

Content Highlight: Harsha Bhogle responds to controversies related to Indian captain Shubman Gill

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more