| Friday, 11th September 2026, 12:16 pm

ഒറ്റ ഗോളിൽ ചരിത്രനേട്ടം; റൊണാൾഡോ അടക്കമുള്ള ഇതിഹാസങ്ങൾക്കൊപ്പം കെയ്ൻ

സുദേവ് എ

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കി വരവറിയിച്ചിരിക്കുകയാണ് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്. നോര്‍വീജിയന്‍ ക്ലബ്ബ് എഫ്.കെ ബോഡോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്.

ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തിന്റെ 47ാം മിനിട്ടില്‍ ജര്‍മന്‍ യുവതാരം ജമാല്‍ മുസിയാലയാണ് ബയേണ്‍ മ്യൂണിക്കിനായി ആദ്യ ഗോള്‍ നേടിയത്. 61ാം മിനിട്ടില്‍ ഇംഗ്ലണ്ട് താരം ഹാരി കെയ്‌നും ബയേണ്‍ മ്യൂണിക്കിനായി രണ്ടാം ഗോള്‍ നേടി.

ഈ മത്സരത്തിലും എതിരാളികളുടെ വലയില്‍ പന്തെത്തിച്ചതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി എട്ടോ അതിലധികമോ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമായും ഹാരി കെയ്ന്‍ മാറി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, റൂഡ് വാന്‍ നിസ്റ്റല്‍റൂയി എന്നിവര്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് സൂപ്പര്‍താരത്തെ തേടി ഈ നേട്ടമെത്തിയത്.

റൊണാള്‍ഡോയും ലെവന്‍ഡോസ്‌കിയും രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ വാന്‍ നിസ്റ്റല്‍റൂയി ഒരു തവണയും ഈ റെക്കോഡ് ഗോള്‍ സ്‌കോറിങ് നടത്തി.

ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നും ജര്‍മനിയിലേക്ക് ചേക്കേറിയ കെയ്ന്‍ ആദ്യ സീസണ്‍ മുതല്‍ തന്നെ ബയേണ്‍ മ്യൂണിക്കിന്റെ മുന്നേറ്റ നിരയിലെ പ്രധാനപ്പെട്ട താരമായി സ്വയം അടയാളപ്പെടുത്തുകയാണ്.

അതേസമയം മത്സരത്തില്‍ കെയ്‌നിന്റെ ഗോളിന് പിന്നാലെ 71ാം മിനിട്ടില്‍ കാനഡ താരം അല്‍ഫോന്‍സോ ഡേവിസ് ബയേണ്‍ മ്യൂണിക്കിനായി മൂന്നാം ഗോളും നേടി.

ഫ്രഞ്ച് താരം മൈക്കല്‍ ഒലീസയുടെ ഇരട്ട ഗോളുകള്‍ കൂടി പിറന്നതോടെ നോര്‍വീജിയന്‍ ക്ലബ്ബിന്റെ പതനം പൂര്‍ത്തിയായി. 83ാം മിനിട്ടിലും ഇഞ്ചുറി ടൈമിലുമായിരുന്നു താരത്തിന്റെ ഗോളുകള്‍ പിറന്നത്.

ഈ കൂറ്റന്‍ വിജയത്തോടെ യു.സി.എല്‍ പോയിന്റ് പട്ടികയില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് താഴെ രണ്ടാം സ്ഥാനത്തെത്താനും ബയേണ്‍ മ്യൂണിക്കിന് സാധിച്ചു.

Content Highlight: Harry Kane set a huge record in UEFA Champions league

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more