| Monday, 2nd October 2023, 6:11 pm

ലെവന്‍ഡോസ്‌കിയുടെ ലെവലില്‍ എത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; പ്രശംസിച്ച് ഇംഗ്ലണ്ട് സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

സമ്മര്‍ സീസണിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറിലാണ് ഇംഗ്ലണ്ട് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ടോട്ടന്‍ഹാമുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിലെത്തുന്നത്. ഗോളുകള്‍ അടിച്ച് കൂട്ടുമ്പോഴും കരിയറില്‍ ഇതുവരെ ഒരു കിരീടം നേടാനായില്ലെന്ന കുറവ് നികത്താനായിരുന്നു താരത്തിന്റെ ഈ കൂടുമാറ്റം.

19 വര്‍ഷത്തിന് ശേഷം ടോട്ടന്‍ഹാം വിടുമ്പോള്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ കളിക്കാരനെന്ന (213 ഗോളുകള്‍) പേരെടുത്തപ്പോഴും താരത്തിന് ടീമിനൊപ്പം ഒരു ട്രോഫി നേടാനായിരുന്നില്ല. വലിയ വെല്ലുവിളികള്‍ സ്വീകരിച്ചാണ് താരം ജര്‍മന്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നത്.

ഇപ്പോള്‍ ബയേണ്‍ മ്യൂണിക്കിന്റെ മുന്‍ സൂപ്പര്‍ താരം റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കെയ്ന്‍. ബയേണ്‍ മ്യൂണിക്കിന്റെ ഗോളടി യന്ത്രം എന്നറിയപ്പെട്ടിരുന്ന ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണിലാണ് ബാഴ്സലോണയിലെത്തിയത്.

ബയേണില്‍ ലെവന്‍ഡോസ്‌കി കാഴ്ചവെച്ച പ്രകടനത്തിന്റെ ലെവലിലേക്ക് തനിക്കെത്തണമെന്നാണ് കെയ്ന്‍ പറഞ്ഞത്. അല്ലെങ്കില്‍ അദ്ദേഹത്തെക്കാള്‍ ഉയര്‍ന്ന നിലവിലേക്കെത്തണമെന്നും കെയ്ന്‍ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘എനിക്ക് ലെവന്‍ഡോസ്‌കിയുടെ ലെവലില്‍ എത്തണം. അല്ലെങ്കില്‍ അതിനെക്കാള്‍ മുകളില്‍,’ കെയ്ന്‍ പറഞ്ഞു.

ബയേണ്‍ മ്യൂണിക്കിലെത്തിയതിന് ശേഷം ഗോള്‍ വേട്ട ആരംഭിച്ചിരിക്കുകയാണ് കെയ്ന്‍. ബയേണിനൊപ്പം കളിച്ച മത്സരത്തില്‍ 300ാം ഗോള്‍ നേട്ടം സ്വന്തമാക്കാന്‍ കെയ്നിന് സാധിച്ചിരുന്നു. ക്ലബ്ബ് കരിയറില്‍ താരം നേടിയ 280 ഗോളുകളും ടോട്ടന്‍ഹാമിന് വേണ്ടിയായിരുന്നു. ഒമ്പതെണ്ണം മില്‍വാളിനും അഞ്ചെണ്ണം ലീട്ടന്‍ ഓറിയന്റിനും നാലെണ്ണം ബയേണിനും രണ്ടെണ്ണം ലെസ്റ്ററിനും വേണ്ടിയായിരുന്നു.

Content Highlights: Harry Kane praises Robert Lewandowski

Latest Stories

We use cookies to give you the best possible experience. Learn more