| Thursday, 7th May 2026, 11:04 am

റൊണാള്‍ഡോക്ക് ശേഷം രണ്ടാമന്‍; തിരിച്ചടികളിലും ഹാരി കെയ്‌നിന് ചരിത്രനേട്ടം

Sudev A

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് പുറത്തായിരുന്നു. സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌മെയ്‌നാണ് ബയേണ്‍ മ്യൂണിക്കിന്റെ തേരോട്ടത്തിന് വിരാമമിട്ടത്. രണ്ടാം പാദ സെമി ഫൈനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞതോടെയാണ് പി.എസ്.ജി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.

ബയേണ്‍ മ്യൂണിക്കിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. ആദ്യ പാദ മത്സരത്തില്‍ 5-4 എന്ന ത്രില്ലര്‍ സ്‌കോറിന് വിജയം സ്വന്തമാക്കിയ പാരീസ് 6-5 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് കലാശപോരാട്ടത്തിലേക്ക് മുന്നേറിയത്.

മത്സരത്തില്‍ പി.എസ്.ജിക്കായി ഗോള്‍ നേടിയത് ഒസ്മാനെ ഡെംമ്പലെയാണ്. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ താരം ലക്ഷ്യം കാണുകയായിരുന്നു. ഈ ഗോളിന്റെ പിന്‍ബലത്തില്‍ പാരീസ് അവസാന നിമിഷം വരെ ബയേണ്‍ മ്യൂണിക്കിനെതിരെ ആധിപധ്യം തുടര്‍ന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ബയേണ്‍ സമനില ഗോള്‍ നേടിയത്. ഇംഗ്ലണ്ട് താരം ഹാരി കെയ്‌നാണ് ജര്‍മന്‍ ക്ലബ്ബിനായി ലക്ഷ്യം കണ്ടത്.

ഈ മത്സരത്തിലും ഗോള്‍ നേടിയതോടെ ഒരു വമ്പന്‍ നേട്ടമാണ് കെയ്ന്‍ സ്വന്തമാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ ആറ് നോക്ക് ഔട്ട് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ബയേണ്‍ മ്യൂണിക് താരമാവാന് കെയ്‌ന് സാധിച്ചത്. ഇന്റര്‍ മിലാന്‍, അറ്റ്‌ലാന്‍ഡ എന്നീ ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയല്‍ മാഡ്രിഡിനെതിരെ രണ്ട് പാദങ്ങളിലുമായി ലക്ഷ്യം കണ്ടു. ഇപ്പോള്‍ പി.എസ്.ജിക്കെതിരെയും രണ്ട് പാദങ്ങളിലും ഗോള്‍ നേടി കെയ്ന്‍ പുതിയ റെക്കോഡും സൃഷ്ടിച്ചിരിക്കുകയാണ്.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് നോക്ക് ഔട്ടില്‍ ആറ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന ആദ്യ താരവും കെയ്നാണ്. 2012ലാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്.

അതേസമയം യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ആഴ്സണലും പി.എസ്.ജിയുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. മെയ് 30ന് ഹംഗറിയിലെ പുസ്‌കസ് അരീനയിലാണ് ഫൈനല്‍ പോരാട്ടം. ചരിത്രത്തിലെ ആദ്യ യു.സി.എല്‍ കിരീടം സ്വന്തമാക്കാന്‍ പീരങ്കിപ്പടയും കഴിഞ്ഞ തവണ സ്വന്തമാക്കിയ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ പി.എസ്.ജിയും കളത്തിലിറങ്ങുമ്പോള്‍ ഫൈനല്‍ തീപാറുമെന്നുറപ്പാണ്.

Content Highlight: Harry Kane Create a new record in UEFA Champions League

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more