| Tuesday, 1st September 2026, 8:32 am

ജര്‍മനി കീഴടക്കിയ ആദ്യ ഇംഗ്ലീഷുകാരന്‍; ചരിത്രത്തിലേക്ക് നടന്നുകയറി ഹാരി കെയ്ന്‍

സുദേവ് എ

ജര്‍മനിയിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍. ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനായി കഴിഞ്ഞ സീസണില്‍ നടത്തിയ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് കെയ്നിനെ തേടി ജര്‍മന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് എത്തിയത്.

ജര്‍മന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളില്‍ നിന്നും 277 വോട്ടുകള്‍ നേടിയാണ് കെയ്ന്‍ ഈ അവാര്‍ഡിന് അര്‍ഹനായത്. ഫ്രഞ്ച് താരം മൈക്കല്‍ ഒലീസയെ മറികടന്നാണ് കെയ്ന്‍ ജര്‍മനിയിലെ താരമായത്.

ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ വിദേശതാരവും ആദ്യ ഇംഗ്ലണ്ട് താരവുമാണ് കെയ്ന്‍. ആദ്യമായി ഈ നേട്ടം കൈവരിച്ച വിദേശ താരം മുന്‍ ബ്രസീലിയന്‍ താരം അലിട്ടോണ്‍ ആണ്. 2004ല്‍ വെര്‍ഡര്‍ ബ്രെമന് നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്.

പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ഈ നേട്ടത്തിലെത്തിയ രണ്ടാമത്തെ താരം. രണ്ട് തവണയാണ് മുന്‍ ബയേണ്‍ താരം ഈ നേട്ടം കൈപ്പിടിയിലാക്കിയത്. 2020, 2021 സീസണുകളിലായിരുന്നു താരത്തിന്റെ നേട്ടം. ഇപ്പോള്‍ മൂന്നാമനായി ഹാരി കെയ്നും ജര്‍മന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്.

ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നും ജര്‍മനിയിലേക്ക് ചേക്കേറിയ കെയ്ന്‍ ആദ്യ സീസണ്‍ മുതല്‍ തന്നെ ബയേണ്‍ മ്യൂണിക്കിന്റെ മുന്നേറ്റ നിരയിലെ പ്രധാനപ്പെട്ട താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം രണ്ട് കിരീടങ്ങളാണ് കെയ്ന്‍ സ്വന്തമാക്കിയത്. ബുണ്ടസ്‌ലീഗയില്‍ കിരീടവും ഡി.എഫ്.ബി പോക്കലുമാണ് ജര്‍മന്‍ വമ്പന്മാര്‍ക്കൊപ്പം കെയ്ന്‍ സ്വന്തമാക്കിയത്.

ബയേണിന്റെ മുന്നേറ്റനിരയില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു കെയ്ന്‍ നടത്തിയിരുന്നത്. 61 ഗോളുകളാണ് ഇംഗ്ലണ്ട് താരം ബയേണ്‍ മ്യൂണിക്കിന് വേണ്ടി അടിച്ചുകൂട്ടിയത്. ബുണ്ടസ്‌ലീഗയില്‍ 36 ഗോളുകള്‍ക്കാണ് താരം നേടിയത്.

2025-26 സീസണിലെ യൂറോപ്പിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതും ഹാരി കെയ്‌നായിരുന്നു. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനും വേണ്ടിയും നടത്തിയ അമ്പരപ്പിക്കുന്ന ഗോള്‍ വേട്ടയാണ് കെയ്നിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ടിനെയും റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും മറികടന്നുകൊണ്ടാണ് കെയ്ന്‍ ഈ നേട്ടം കൈപ്പിടിയിലാക്കിയത്.

കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി മാത്രമല്ല 2026 ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിന് വേണ്ടിയും മികച്ച പ്രകടനമാണ് കെയ്ന്‍ കാഴ്ചവെച്ചത്. ലോകകപ്പില്‍ ഇംഗ്ലണ്ടിനൊപ്പം സെമി ഫൈനല്‍ വരെ മുന്നേറാന്‍ കെയ്‌നിന് സാധിച്ചിരുന്നു. സെമിയില്‍ അര്‍ജന്റീനക്ക് മുന്നില്‍ കീഴടക്കിയാണ് ഇംഗ്ലണ്ട് ലോകകപ്പെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയത്.

കിരീടം നഷ്ടമായെങ്കിലും ലോകകപ്പിലെ കെയ്നിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് താരം തിളങ്ങിയത്. ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോള്‍ നേട്ടം 14 ആക്കി ഉയര്‍ത്താനും കെയ്‌നിന് സാധിച്ചിരുന്നു.10 ഗോളുകള്‍ നേടിയ മുന്‍ താരം ഗാരി ലിനേക്കറെ മറികടന്നാണ് ഇംഗ്ലണ്ട് നായകന്‍ കുതിച്ചത്.

ഈ സീസണിലെ ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരയിലും കെയ്നിന്റെ പേരുണ്ട്. ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവിനെ ഒക്ടോബര്‍ 30നാണ് തെരഞ്ഞെടുക്കുന്നത്. യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടും ജര്‍മന്‍ ഫുട്‌ബോള്‍ ഓഫ് ദി ഇയറായും മാറിയ കെയ്നിന്റെ കൈകളിലേക്ക് ബാലണ്‍ ഡി ഓറും എത്തുമോയെന്നാണ് ഫുട്ബാള്‍ ലോകം ഉറ്റുനോക്കുന്നത്.

Content Highlight: Harry Kane become the first England player to won German footballer of the year award

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more