| Sunday, 17th August 2025, 6:42 pm

ബയേണ്‍ ഹാരി കെയിനിന് ഒരു ഭാഗ്യതാരകം; അയാളിതാ വീണ്ടുമൊരു ചാമ്പ്യനായിരിക്കുന്നു!

ഫസീഹ പി.സി.

ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ അതികായരായ ബയേണ്‍ മ്യൂണിക് ഒരിക്കല്‍ കൂടി ചാമ്പ്യന്മാരായിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വി.എഫ്.ബി സ്റ്റുട്ട്ഗാര്‍ട്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ബയേണ്‍ വീണ്ടും സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. ഇത് ആദ്യമായല്ല ഈ കിരീടം ദി ബവാറിയന്‍സ് തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നത്.

ജര്‍മന്‍ ഫുട്‌ബോള്‍ അടക്കിവാഴുന്ന ബയേണിനിത് 11ാം കിരീടനേട്ടമാണ്. കഴിഞ്ഞ തവണ ബയേര്‍ ലെവര്‍കൂസന്‍ തങ്ങളുടെ അപരാജിത കുതിപ്പില്‍ റാഞ്ചിയെടുത്ത കപ്പ് തിരിച്ചെടുക്കല്‍ മാത്രമായിരുന്നു അവര്‍ക്കിത് ഇതെന്ന് സാരം. എന്നാല്‍, ടീമിലെ എല്ലാവര്‍ക്കും ഈ കിരീടധാരണം അങ്ങനെയല്ല.

പ്രത്യേകിച്ച് ലോകത്തിലെ തന്നെ മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായി കണക്കാക്കുന്ന ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്‌നിന്. കിരീടമില്ലാതെ നാണക്കേടിന്റെ മുള്‍കിരീടം പേറി കാലങ്ങളോളം പന്തുതട്ടിയ താരത്തിന് ഈ കിരീടവും വളരെ സ്‌പെഷ്യലാണ്. ഇത് അയാളുടെ കരിയറിലെ രണ്ടാം കിരീടം മാത്രമാണ് എന്നതാണ് അതിന് കാരണം.

പ്രീമിയര്‍ ലീഗ് വമ്പന്മാരായ ടോട്ടന്‍ഹാം ഹോട്ട്‌സ്പറില്‍ സീനിയര്‍ കരിയര്‍ ആരംഭിച്ച ഹാരി വര്‍ഷങ്ങളോളം ടീമില്‍ കളിച്ചിട്ടും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഒരു കിരീടമെന്ന സ്വപ്‌നം മാത്രം ബാക്കിയായി. ക്ലബ്ബ് കരിയറില്‍ മാത്രമായിരുന്നില്ല താരത്തിന് ഈ ദുര്‍വിധി. തന്റെ സ്വന്തം രാജ്യമായ ഇംഗ്ലണ്ട് ദേശീയ ടീമിനും വേണ്ടി മിന്നും പ്രകടനങ്ങള്‍ കാഴ്ച വെച്ചപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി.

എത്ര ഫോമില്‍ കളിക്കുമ്പോഴും ഒരു ചാമ്പ്യന്‍പട്ടം എന്ന മോഹം കുറുക്കച്ചാരുടെ മുന്തിരി പോലെ അയാള്‍ക്ക് മുന്നില്‍ അന്യമായി. പലപ്പോഴും തന്റെ സ്വപ്ന സാക്ഷാത്കാരത്തിനടുത്തെത്തി കലാശപോരില്‍ കാലിടറി വീഴാനായിരുന്നു താരത്തിന്റെ വിധി. പക്ഷേ, ഒന്നിലും തളരാതെ ഹാരി മുന്നോട്ട് കുതിച്ചു. അതിനിടെ അയാള്‍ മറ്റൊരു ടീമിലേക്കും ചേക്കേറി.

കിരീട പ്രതീക്ഷയോടെ അയാള്‍ ബയേണില്‍ എത്തിയത് 2023ലായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ ആ സീസണില്‍ ജര്‍മന്‍ ക്ലബ്ബിന് ഒരു കിരീടവും നേടാനായില്ല. എങ്കിലും ഇംഗ്ലീഷ് സ്ട്രൈക്കര്‍ പതിവ് പോലെ പരിഭവമേതുമില്ലാതെ തന്റെ കളി തുടര്‍ന്നു. ഒടുവില്‍ അയാളുടെ കാത്തിരിപ്പിന് ബുണ്ടസ് ലിഗ തിരശീലയിട്ടു. 2024 -25 സീസണില്‍ ബയേണ്‍ ലീഗിലെ തങ്ങളുടെ കുത്തക പുനസ്ഥാപിച്ചപ്പോള്‍ ഹാരിയ്ക്ക് ഒരു കിരീടം സ്വന്തമായി.

ഏറെ കാത്തിരുന്ന ആദ്യ കിരീടനേട്ടമാകട്ടെ, സീസണിലെ മികച്ച ഗോള്‍ വേട്ടക്കാരെന്ന പട്ടത്തോട് കൂടിയായിരുന്നു. ഒരു വസന്തകാലത്ത് ചാമ്പ്യനായി ഹാരി അവരോധിക്കപെട്ടപ്പോള്‍ അയാളുടെ അത്യുജ്ജല കരിയറിനെ തന്നെ അത് ഏറെ സുഗന്ധമുള്ളതാക്കി.

ഇപ്പോഴിതായി ജര്‍മന്‍ സൂപ്പര്‍ കപ്പ് നേടി ഹാരി മറ്റൊരു കിരീടം കൂടി തന്റെ ഷെല്‍ഫിലെത്തിച്ചിരിക്കുന്നു. മാസങ്ങള്‍ക്കിപ്പുറം അയാള്‍ക്ക് പറയാനും എടുത്തു കാണിക്കാനും ഒരു കിരീടം പോലുമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് അയാള്‍ക്ക് അഭിമാനത്തോടെ കാണിക്കാന്‍ രണ്ട് കിരീടങ്ങളുണ്ട്.

അവ കൈപിടിയിലൊതുക്കിയതാകട്ടെ മൂന്ന് മാസത്തിന്റെ ഇടവേളയിലും. സൂപ്പര്‍ കപ്പില്‍ ഹാരിയുടെ ബയേണ്‍ മുത്തമിട്ടപ്പോള്‍ തന്റെ വക ഒരു ഗോള്‍ ചേര്‍ക്കാനായത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ബയേണ്‍ ഒരിക്കല്‍ കൂടി അയാളുടെ ഭാഗ്യതാരകമായിരിക്കുന്നു.

Content Highlight: Harry Kane bagged his second trophy with Bayern Munich

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more