| Wednesday, 3rd September 2025, 1:47 pm

ഇങ്ങനെയല്ല വേണ്ടത്, ഞങ്ങളുടെ കളി വളരെ മോശമായിരുന്നു: തുറന്ന് പറഞ്ഞ് ഹാരി ബ്രൂക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പടുകൂറ്റന്‍ വിജയവുമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 132 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു പ്രോട്ടിയാസ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടിയാണ് സൗത്ത് ആഫ്രിക്ക മത്സരം ഫിനിഷ് ചെയ്തത്. ഏയ്ഡന്‍ മര്‍ക്രമിന്റെ കരുത്തില്‍ സൗത്ത് ആഫ്രിക്ക മുന്നേറിയത്. 55 പന്തില്‍ 86 റണ്‍സാണ് താരം നേടിയത്.

മത്സരത്തിലെ ദയനീയ തോല്‍വിയെക്കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് സംസാരിച്ചിരുന്നു. തങ്ങള്‍ക്ക് മോശം ദിവസമായിരുന്നുവെന്നും മത്സരത്തില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലെന്നും ബ്രൂക്ക് പറഞ്ഞു. മാത്രമല്ല പെട്ടന്ന് തന്നെ മത്സരത്തിലേക്ക് തിരിച്ചുവരണമെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രൂക്ക് പറഞ്ഞത്

‘ഇങ്ങനെയല്ല വേണ്ടത്, ഞങ്ങളുടെ കളി വളരെ മോശമായിരുന്നു! ഞങ്ങള്‍ക്ക് ഒരു മോശം ദിവസം ഉണ്ടായിരുന്നു എന്നതില്‍ കൂടുതല്‍ എനിക്ക് പറയാന്‍ കഴിയില്ല. ജയിച്ചുകൊണ്ടേയിരിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്, അല്ലേ? പക്ഷേ ഇന്ന് എല്ലാം മാറിമറിഞ്ഞു! ഞങ്ങളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിപ്പോയി.

കഴിവുകള്‍ പലതും തെറ്റായി പ്രയോഗിച്ചു. ആരും വന്ന് അത് കാണാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് പേടിയാണ്, മത്സരത്തില്‍ പെട്ടന്ന് തന്നെ മുന്നോട്ട് വരണം. നമ്മള്‍ എത്രയും വേഗം കാര്യങ്ങള്‍ മാറ്റിവെച്ച് അടുത്ത മത്സരത്തിലേക്ക് കടക്കണം,’ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ തകര്‍ച്ച

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചു. ജോ റൂട്ട്, ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍, ബെന്‍ ഡക്കറ്റ് എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ജെയ്മി സ്മിത്തിന്റെ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിത്. 54 റണ്‍സായിരുന്നു താരം നേടിയത്. നാല് വിക്കറ്റ് നേടിയ കേശവ് മഹാരാജാണ് ത്രീ ലയണ്‍സിനെ എളുപ്പം തകര്‍ത്തത്. മാത്രമല്ല വിയാന്‍ മുള്‍ഡര്‍ മൂന്ന് വിക്കറ്റും നേടി.

Content Highlight: Harry Brook Talking About England’s loss Against South Africa

We use cookies to give you the best possible experience. Learn more